എന്റെ അമ്മ


മദ്ദൂരി നാഗേഷ് ബാബു (തെലുങ്കു കവിത )


സര്‍ക്കാരാശുപുത്രിയിലെ ശവസത്രത്തിനുമുന്നില്‍
ഒരു കണ്ണീര്‍ ചാലുകണ്ടില്ലെ അതാണെന്റെ അമ്മ
ശ്മശാനത്തിലെ സ്മാരകശിലകള്‍ക്കിടയില്‍
ഒരു ശവമാടത്തിനു മുകളില്‍ മാത്രം പേരില്ലാത്ത
ഒരു വെറും പാറ ഒറ്റയ്ക്കുനില്‍ക്കുന്നതു കണ്ടില്ലേ-
അതും എന്റെ അമ്മതന്നെ.

എന്റെ അമ്മ യശോദയല്ല
അവള്‍ കൌസല്യപോലുമല്ല
ഞാന്‍ വിശന്നുകരഞ്ഞപ്പോള്‍
എന്റെ അമ്മ എന്നെ വാരിയെടുത്തില്ല
അമ്പിളിമാമനെ കാട്ടിത്തന്ന്
വെള്ളിക്കിണ്ണത്തില്‍ നിന്ന്
പാല്‍ച്ചോറൂട്ടിയതുമില്ല
അവളുടെ കണ്ണുകളില്‍ ഒരൊറ്റ വിളക്കുപോലും
തെളിഞ്ഞതിന്റെ അടയാളമില്ല.
ഇങ്ങിനെയൊരമ്മയെക്കുറിച്ച്,പറയൂസര്‍,
ഞാനെന്തെഴുതാനാണ്?
മറ്റുള്ളവര്‍ അവരുടെ അമ്മമാരെക്കുറിച്ച്
കവിതയുടെ കസവ് തുന്നുന്നു.
പക്ഷേ അവരുടെ അമ്മമാര്‍ റാണിമാരാണ്,
നിറയെ പാലുള്ളവര്‍, വയറ്റില്‍ നിന്ന്
സംഭാരം തികട്ടിവരാത്തവര്‍.
എന്റെയമ്മയെക്കെന്തുണ്ട്,ഒരുപേരുപോലും
അവള്‍ക്കില്ലായിരുന്നു,"ശേ" "ശ്ശൊ" എന്നല്ലാതെ
അവള്‍ക്ക് വിശേഷണങ്ങളുമില്ലായിരുന്നു
'തേവിടിശ്ശി' 'കൊടിച്ചി' എന്നൊക്കെയല്ലാതെ.
ജീവിതം മുഴുവന്‍ ഒരു കൈക്കുടന്ന നിറയെ കഞ്ഞിക്കായി
കൊതിച്ച് ആശ നഷ്ട്പ്പെട്ട ഭ്രാന്തിയാണവള്‍
അത്തരം ഒരമ്മയെക്കുറിച്ച് കവിതയെഴുതാന്‍
വാക്കുകള്‍ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ?
കവിതയുടെ നിയമങ്ങള്‍ അതിനെ അനുസരിക്കുമോ?
മറ്റുള്ളവരുടെ അമ്മമാര്‍ സുഖമായുറങ്ങുമ്പോള്‍
എന്റെ അദ്ധ്വാനിയായ അമ്മയെ ആരോ
നെല്‍കറ്റകളുടെ അട്ടിക്കുപിറകില്‍
മാനഭംഗപ്പെടുത്തുകയായിരുന്നു
പണക്കാരായ അമ്മമാര്‍ ഏറ്റവും നല്ല അമ്മമാര്‍ക്കുള്ള
സമ്മാനം വാങ്ങുമ്പോള്‍ എന്റെയമ്മ
പൊതുകിണറ്റില്‍നിന്നല്‍പം വെള്ളം കുടിച്ചതിന്
പിഴയൊടുക്കുകയായിരുന്നു


മറ്റുള്ളവരുടെ അമ്മമാര്‍ നേതാക്കളായ് ഭരിക്കുമ്പോള്‍
എന്റെ വിലകെട്ട അമ്മ സര്‍ക്കാരാപ്പീസുകള്‍ക്കുമുന്നില്‍
സത്യാഗ്രഹം നടത്തുകയായിരുന്നു.
'അമ്മ'യെന്നുകേട്ടാല്‍ എല്ലാവര്‍ക്കും മനസ്സില്‍ വരിക
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും താരാട്ടു പാടുന്നതുമാണ്
പക്ഷേ, എന്റെമനസ്സില്‍ വരിക കളപറിക്കുന്നതും
ചെളിക്കുട്ടകള്‍ ചുമക്കുന്നതുമാണ്-
കോഴികൂവും മുതല്‍ രാത്രി അച്ഛന്‍ സ്പര്‍ശിക്കും വരെ.

താനൊരു സ്ത്രീയാണെന്നുപോലും ഒരിക്കലുമോര്‍ക്കാത്ത
എന്റെ പരുക്കനായ അമ്മയെക്കുറിച്ചെഴുതാന്‍ സാര്‍,
എന്തിനാണ് എന്നോട് ആവിശ്യപ്പെടുന്നത്?
അവള്‍ എനിക്കായ് ഒരു താരാട്ടും പാടിയില്ല
വിശപ്പുകൊണ്ട് പണ്ടേയവള്‍ക്ക് ഒച്ചയടഞ്ഞിരുന്നു
എന്നെയവള്‍ താളം പിടിച്ചുറക്കിയതുപോലുമില്ല
അവളുടെ കൈകള്‍ പണ്ടേ കൃഷിയുപകരണങ്ങളായ് മാറിയിരുന്നു
കുട്ടികളെല്ലാം അമ്മമാരുടെ വിരലില്‍ തൂങ്ങി
വിനോദയാത്രപോകുമ്പോള്‍ ഞാനെന്റെ അമ്മയുടെ
മടിത്താഴ്വരയില്‍ ചുരുങ്ങി കൂടിയുറങ്ങി
എല്ലാകുട്ടികളും അമ്മമാരെ ദേവതമാരെന്നു സ്തുതിക്കുമ്പോള്‍
ഫീസിനു കാശുതരാത്തതിനു എന്റെ അമ്മയെ
ഞാന്‍ പിരാകുകയായിരുന്നു,സര്‍
എല്ലാ മക്കളും അമ്മമാരുടെ തലവേദനയോര്‍ത്തസ്വസ്ഥരാവുമ്പോള്‍
എന്റെ രോഗിണിയായ അമ്മ എന്താണൊന്ന് ചാകാത്തതെന്ന്
മുറുമുറുക്കുകയായിരുന്നു ഞാന്‍.
മഴനനഞ്ഞെത്തി തോര്‍ത്താനായ് അമ്മയുടെ ചേലതുമ്പുയര്‍ത്തിയപ്പോള്‍
കോടിക്കണക്കിനു കറകളും കീറലുകളും എന്നെ പരിഹസിച്ചു.
വരണ്ടതൊണ്ടയുമായ് അമ്മയുടെ മുലകളില്‍
ചുണ്ടു തൊടുവിച്ചപ്പോള്‍, അവളുടെ വാരിയെല്ലുകള്‍ എന്നെ കുത്തി നോവിച്ചു.
എന്തായാലും സര്‍,
സഹജീവികളെ മൃഗങ്ങളായ് പരിഹസിക്കുന്ന
മൃഗങ്ങളെ പെറ്റുകൂട്ടിയതിനു
മൃഗമാതാക്കളായ് പരിഹസിക്കപ്പെടുന്ന
ലക്ഷം അമ്മ മാര്‍ക്കിടയില്‍
തീര്‍ത്തും മനുഷ്യസ്ത്രീയായിരുന്ന എന്റെ
അമ്മയെ ക്കുറിച്ചു സംസാരിക്കാന്‍,
ഈ ഭാഷ, ഈ കവിത മതിയാവില്ല,സര്‍!മൊഴിമാറ്റം: സച്ചിദാനന്ദന്‍
....

14 comments:

e- പണ്ടിതന്‍ said...

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/

വരവൂരാൻ said...

നെഞ്ചു പൊട്ടിച്ചല്ലോ സുഹ്രുത്തേ

കിനാവ് said...

ഇതിവിടെ വായിക്കാന്‍ കഴിഞ്ഞതിനു നന്ദി. കവിതയെക്കുറിച്ചെന്താ പറയാ...
ഒന്നും പറയാനാവുന്നില്ല.

രണ്‍ജിത് ചെമ്മാട്. said...

നന്ദി, മാഷേ...
നല്ല കവിതയ്ക്ക്

ഉപാസന || Upasana said...

:-(

Blog Academy said...

മനുഷ്യസ്നേഹത്തിന്റെ ഈ അക്ഷര കനലുകള്‍ കാണിച്ചുതന്നതിന് നന്ദി സുഹൃത്തേ.

ദിനേശന്‍ വരിക്കോളി said...

"എന്തായാലും സര്‍,
സഹജീവികളെ മൃഗങ്ങളായ് പരിഹസിക്കുന്ന
മൃഗങ്ങളെ പെറ്റുകൂട്ടിയതിനു
മൃഗമാതാക്കളായ് പരിഹസിക്കപ്പെടുന്ന
ലക്ഷം അമ്മ മാര്‍ക്കിടയില്‍
തീര്‍ത്തും മനുഷ്യസ്ത്രീയായിരുന്ന എന്റെ
അമ്മയെ ക്കുറിച്ചു സംസാരിക്കാന്‍,
ഈ ഭാഷ, ഈ കവിത മതിയാവില്ല,സര്‍!""വര്‍ത്തമാനത്തെ നിരന്തരം പോസ്റ്റുമോര്‍ട്ടം ചെയ്തു കാഴ്ചയുടെ കണ്ണാടി കളുടയ്ക്കുകയാണ് ഇന്നത്തെ കവിത. മനസ്സിനെ രമിപ്പിക്കുന്ന പഴയ ജോലി കവിത സ്വയം രാജിവച്ചൊഴിഞ്ഞിരിക്കുന്നു. വേട്ടയാടപ്പെടുന്ന ആശങ്കകളാണ് കവിതയുടെ ഒപ്പുകടലാസില്‍ .അന്നന്നത്തെ ചരിത്രരചനയുടെ ബാധ്യത ഏറ്റെടുക്കുകയാണ് ഓരോ പുതിയ കവിതയും."- ശ്രീ ജയദേവിന്‍റെ വാക്കുകള്‍ ഇവിടെ കൂട്ടിവായിക്കാം മദ്ദൂരി നാഗേഷിന്‍റെ കവിതയോടൊപ്പം.

തണല്‍ said...

അമ്മേ....

ajeesh dasan said...

ee blog kandethaan kazhinjathinte thrill,adhikam ezhuthy njaan kalayunnilla.
thaanks..

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
ആശംസകളോടെ,
ജോയിസ് വാര്യപുരം..!!

Mahi said...

ഇഷ്ടപ്പെട്ടു മാഷെ

Sureshkumar Punjhayil said...

Ashamsakal...!!!

ഹേമ said...

മണ്ണിന്‍റെ മണമുള്ള കവിത,
സ്നേഹത്തിന്‍റെ ഗന്ധമുള്ള കവിത
അമ്മയുടെ അമ്മിഞ്ഞപാലിന്‍റെ സ്വാദുള്ള കവിത
അഭിനന്ദനങ്ങള്‍

ഹേമ

Mukil said...

എന്റമ്മേ....