വികൃതാക്ഷരങ്ങള്‍

മറുകരകാണാത്ത
ബോധത്തിന്റെ വക്കിലുടെ
വഴുക്കിയൊരു യാത്ര.

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;

പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.

പൊടിപറത്തിയ
ബസ്സിന്റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും.

നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.

വിരിച്ച
കീറത്തുണിയില്‍
ചിതറിവീണ നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;

ഇടറോഡിന്റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്

വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്റെ ഒലിച്ചു പോക്ക്‌

ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!

വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.
******************









സി.പി.ദിനേശ്
***************

സങ്കടദ്വാരം


ഒരിക്കലും തുറക്കാതെ കിടന്ന
പ്രണയത്തിന്‍റെ ലവല്‍ക്രോസില്‍
കൂട്ടുകാരിയുടെ വഴിമുടക്കി
അനാഥം ശവമായിക്കിടന്നവള്‍
ഇന്നലെ, യെന്നോടുകരഞ്ഞവള്‍ .

വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റുകൊടുത്തുകിട്ടിയ
ഓര്‍മ കൊണ്ടുമുറിഞ്ഞവന്‍
മുമ്പെന്നോ എന്നോടു
മൗനത്തിനു വിലപറഞ്ഞവന്‍ .


വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പംകൊണ്ടു
കരള്‍പിളര്‍ക്കുമൊരാള്‍ .
കളിയിമ്പംകൊണ്ടു
കലി ശമിപ്പിക്കുമൊരാള്‍ .
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതികിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍
ഇടയ്ക്കെപ്പൊഴോ എനിക്ക്
സൗഹൃദം പണയം തന്നവന്‍ .


ശവവണ്ടിയിലെ കൂട്ടിരിപ്പിന്
ഒരു തീവണ്ടിപ്പുകക്കരിമണം.
ഓര്‍മയ്ക്കുമേല്‍ കോറിവരഞ്ഞു
മൂര്‍ച്ചയഴിഞ്ഞകത്തിമുന.
നാവുവീണ്ടൊരു പാനപാത്രം
ശവവണ്ടിയിലെ കാത്തിരിപ്പിനു
മേല്‍വിലാസം ആരെ നോക്കുന്നു?
****************************












വി.ജയദേവ്.
******************

മുറി മാറ്റം


മഞ്ഞില്‍ പൊതിഞ്ഞ

ഒരു നവംബര്‍ രാത്രി

ഉറങ്ങാന്‍ ശ്രമിക്കുന്ന നഗരം

ഉറങ്ങാന്‍ ശ്രമിക്കുന്ന ഞാന്‍


ശവപ്പെട്ടിയിലെന്ന പോലെ

ഓര്‍ത്ത് കിടക്കുകയാണ്

സ്വപ്നങ്ങള്‍ പോലും മരവിക്കുന്ന

തണുപ്പ്, കുത്തിനോവിക്കാന്‍ ഒരു കൊതുക്.

മുറി മാറിയതല്ല,

മുറിഞ്ഞ് മാറിയ പോലുണ്ട്.


അപ്പുറത്തെ കെട്ടിടത്തില്‍

ഇടയ്ക്കെപ്പോഴോ,

ജീവിതത്തിന്റെ ഒച്ചകള്‍

നേര്‍ത്ത് നേര്‍ത്തില്ലാതായി.

ഇവിടെ,

നിശ്ശബ്ദത നിറഞ്ഞ് നിറഞ്ഞ്

ചോര്‍ന്നൊഴുകാന്‍ തുടങ്ങുന്നു.


പഴയ മുറിയിലെ

കാലൊച്ചകള്‍ സൂക്ഷിക്കാന്‍

ഈ മുറിയില്‍ സ്ഥലമില്ല,

അല്ലായിരുന്നെങ്കില്‍

ഇപ്പോള്‍ ഒരു സുഹൃത്തിനോട് പറഞ്ഞ പോലെ

പരിചയമില്ലാത്ത പെണ്ണിനെ

കെട്ടിപ്പിടിച്ച് കിടക്കുന്ന പോലുണ്ട്

പുതിയ മുറിയിലെ ഉറക്കമെന്ന്

തോന്നില്ലായിരുന്നു.


ഞാന്‍ തിരിച്ചെത്തി.

ശവപ്പെട്ടിയേക്കാള്‍ തണുത്ത രാത്രി

എവിടെയോ ഒരു ഘോഷയാത്രയുടെ

ആരവങ്ങള്‍ കേള്‍ക്കുന്നുണ്ട്,

എന്തിനായിരിക്കുമോ എന്തോ!

*************************






ജയേഷ്
******

തുറന്നിട്ട ജാലകം


പാതി ചാരി
ഞാന്‍ നിവര്‍ന്നു കിടന്നു
എന്റെ അനുരാഗത്തിന്റെ
പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും
വിരിയില്‍ പിഴുതിട്ട ബീജങ്ങളും
ആരോഗ്യം നശിച്ച പേനയും
വാലും, തലയും നഷ്ടപ്പെട്ട
കഥകളും, കവിതകളും
എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്
ഒരു പക്ഷേ
ദരിദ്രന്റെ ഭൂതകാലത്തെ
അനലോഗില്‍നിന്നും
ഡിജിറ്റലിലേക്ക് പരിവര്‍ത്തനം
നടത്തൂയെന്നാവം
ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്
താഴേക്ക ചാടാനായി
അവരെന്നെ സഹായിക്കാമെന്നാകാം
എന്തുമാകട്ടെ
ദേശിയതയെ ഉപജീവിച്ച്
നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍
തുടരുകതന്നെ
പൌരോഹിത്യത്തിന്റേയും
ചാതുര്‍വണ്യത്തിന്റേയും
നിലനില്‍പ്പിനായ് ഒരു കുംഭമേള,
മരിച്ചവരുടെ ദേഹത്തിന്റെ
ഉയര്‍ത്തെഴുനേല്‍പ്പിനായ്
ചില വാഴ്ത്തപ്പെടലുകള്‍,
അരപ്പട്ടകെട്ടിയ ഗ്രാമങ്ങളിലെ
ജീവനുള്ള ജിന്നുകളുടെ ഊത്തുകള്‍.


എനിക്ക് സാര്‍വ്വദേശീയതെയെ
സംഭോഗിക്കാമെങ്കില്‍
പുറത്തേക്കിറങ്ങുന്നതിനു മുമ്പ്
ഈ സ്വവര്‍ഗ്ഗാനുരാഗിയുടെ
കിടപ്പറയിലേക്ക്
കറുത്തബീജം കുത്തിവെച്ച്
ജീവനില്ലാത്ത കഴുത്ത്
അറുത്തുകൊള്‍ക.
***************

മനോഹര്‍ മാനിക്കത്ത്,( ഒമാന്‍)
***************************

കിളിമരക്കൊമ്പത്തായ്




മുറ്റത്തു വാടിക്കുഴഞ്ഞു കിടക്കുമീ
മുല്ലച്ചെടിയ്ക്കുണ്ടു ചെല്ലാന്‍
ഓര്‍മ്മിച്ചണച്ചു മണക്കുവാനായിരം
പൂമൊട്ടു നല്‍കിയതല്ലെ?
രാവേറെ വൈകാതെ
സന്ധ്യയ്ക്കു മുമ്പുഞാന്‍
പൂക്കള്‍ വിടര്‍ത്തിയതല്ലെ
കത്തുന്ന വേനല്‍ മുറിച്ചു കടക്കുവാന്‍
ഏകീലേയല്‍പം തണലും
ഇറ്റിറ്റു വീഴുന്നയാമഴത്തുള്ളിയില്‍
ചിന്നിത്തെറിക്കുന്ന പൂഴി
തട്ടിത്തെറിപ്പിച്ചു ദൂരത്തു വീഴ്ത്താതെ -
നല്‍കീലേയല്‍പസുഗന്ധം
എന്നിട്ടുമെന്തിനാണീങ്ങനീപ്പുമരം
വെട്ടിയടര്‍ത്തിയകറ്റി?

വെട്ടേറ്റു വീണുകിടക്കും കിളിമരം
പൊട്ടിത്തകര്‍ന്നയെന്‍സ്വപ്നം
ചുറ്റിപ്പിണഞ്ഞു കിടന്നു ഞാന്‍ നല്ലയീ-
ക്കിളിമരക്കൊമ്പു നിറയെ
താഴത്തു വീഴാതെ കൊമ്പോടടുപ്പിച്ച്
താങ്ങിപ്പിടിച്ചെത്ര നിര്‍ത്തി.

രാവിന്‍റെ നീലപ്പുതപ്പിലൊത്തിരി
ചൊല്ലിയിരുന്നേറെ വൈകും
എങ്കിലുമിത്തിരി ചൊല്ലുവാനെപ്പൊഴും
നാളേയ്ക്കു വെയ്ക്കുമെന്നെന്നും
ഇനിയില്ലയൊന്നിച്ചിരിക്കാന്‍ പകലുകള്‍;
ഒരുകുറ്റിമുല്ലയായ് , പിണയാതെ പടരാതെ
ചെറുമുറിക്കുള്ളിലൊതുക്കാം.
വെള്ളച്ചുമരുകള്‍ വസ്ത്രങ്ങളാക്കിയെന്‍
പച്ചപ്പും മെല്ലെ മറയ്ക്കാം.

***********************
സിന്ധുസുരേഷ്.
*********************

കാത്ത് - [പ്രദീപ്കുമാറിന്]



പേരറിയാത്ത ഒരു നിലവിളി
മോര്‍ച്ചറിയിലെത്തി.
സൂക്ഷിപ്പുകാരന്‍ പറഞ്ഞു;
'നിലവിളിക്ക് ഇവിടെ
കിടക്കയില്ല.
മോര്‍ച്ചറിയില്‍ കിടക്കാന്‍
കുറഞ്ഞത് പേരെങ്കിലും വേണം
ഒരു ശരീരമെങ്കിലും '.
പേരില്ലാത്ത നിലവിളി
ഒരു ശരീരമന്വോഷിച്ച്
ശ്മശാനത്തിലെത്തി.
പാറാവുകാരന്‍ പറഞ്ഞു;
'നിലവിളിക്ക് ഇവിടെ
ചിതയില്ല .
ചിതയില്‍ കിടക്കാന്‍ ഒരു
മരണപത്രം വേണം.
ഒരു മോര്‍ച്ചറി രസീതെങ്കിലും.
കുറഞ്ഞതൊരു സാക്ഷിയെങ്കിലും.'
മോര്‍ച്ചറിയിലെത്താനുള്ള
മാര്‍ഗമന്വോഷിച്ച്
നിലവിളി റയില്‍ട്രാക്കില്‍
ജീവിതം കാത്തുകിടന്നു !
*********













*****************
വി. ജയദേവ്.
*************

മൂന്ന് കവിതകള്‍


ഉലകം
******
ജീവിതത്തെ പച്ചയായി വേനലില്‍ നിര്‍ത്തി
നിങ്ങളിലാരോ പൊരിച്ചുവെച്ചതാണീ'ഉലകം'

കുഞ്ഞുടുപ്പ്
*********
രാത്രിയിലാരോ ഉപേക്ഷിച്ചതവാം
ഉളുന്പുമണമുള്ള ഈ ജീവിതം.....




ഓര്‍മ്മ
******
വായ്നാറ്റം കൊണ്ട് അടുപ്പിക്കാത്തതാണ്
നിങ്ങളില്‍
ഒരുതെണ്ടിയുടെ ഓര്‍മ്മ.
*********************













ദിനേശന്‍വരിക്കോളി

********************



അമൃതം തേടി



വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവെയ്പ്പ്
പിഴുതെറിയുംതോറും അസുരപ്പടകളായ്
ചുവന്നും വെളുത്തും വീണ്ടും.........



ചുവര്‍ കണ്ണാടിയിലെ അരണ്ടവെളിച്ചത്തിലും
വെളുപ്പിന്‍റെ പകര്‍പ്പ്
ക്ഷമകേടിന്‍റെ തിരയലിനൊടുവില്‍
കൈക്കണ്ണാടിയുടെ കണ്ടുകിട്ടലും
സൂര്യവെളിച്ചത്തിലെ കാഴ്ച്ചയും
ആഗതമായ വാര്‍ദ്ധക്യത്തിന്‍റെ
പോര്‍വിളിയുമായി
വെളുത്ത അസുരന്മാരുടെ
അട്ടഹാസത്തില്‍
അമൃതം തേടി പാഞ്ഞു

പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴി കടയാതെ
കറുത്ത ഛായാമൃതം കൊണ്ടു
വെളുത്ത് വരകളെ നിരന്തരമൂട്ടി
എന്നിട്ടും ....അവള്‍ മരിച്ചു....


**************
സിന്ധു
സുരേഷ്
**************

ചോര പുരളുന്നതിങ്ങനെ


കഴുത്തൊടിഞ്ഞൂപോവുന്ന ഒരു പിടി
വെടിയുണ്ടകളെകുറിച്ചു
ഒരിറ്റു കണ്ണീര്‍പൊഴിക്കാന്‍ പോലും
സമയം കിട്ടിയെന്നുവരില്ല.
പിടഞ്ഞുടയുന്ന ജീവന്‍
അപ്പോഴേക്കുശരീരത്തില്‍
ഒരു ചിത കൊളുത്തിയിരിക്കും.
വെടിയുണ്ട തുളച്ച ഓര്‍മകള്‍
മണ്ണും ചോരക്കറയും നിറച്ചു
മൗനം കടിച്ചുപിടിച്ചിരിക്കും .
വെടിമരുന്ന് മണക്കുന്ന കാറ്റ്
തോക്കിന്‍കുഴലിനെ
കഴുകിയുണക്കുകയാവും .
ആത്മഹത്യ ചെയ്ത ദിക്കുകള്‍
തെളിവുകളൊന്നും നല്‍കില്ല.
കാഞ്ചിയിലാരുടെയും
വിരല്‍പ്പാടും കാണില്ല.
തലച്ചോറു തുളച്ചു
ഒച്ചയടഞ്ഞുപോകുന്ന നിലവിളിയെ
കാല്‍കീഴില്‍ മണ്ണുപുതഞ്ഞ
ഒരു വിത്ത് ഒളിച്ചുവച്ചിരിക്കുന്നത്
അധികമാരും ആറിഞ്ഞിരിക്കാനിടയില്ല.
മണ്ണും എതിര്‍ സാക്ഷി പറയില്ല.


പൊടുന്നനെ അപ്രത്യക്ഷമാവുന്നവരെ
പറ്റിയെഴുതാന്‍ ഒഴിഞ്ഞ നാട്ടുവഴിയിലെ
ഒരുപൂവും അതിന്‍റെ ചെന്തീ നിറം
ആര്‍ക്കും പകരം തന്നെന്നിരിക്കില്ല'
കേകയും കാകളിയും വഴിമാറി നടക്കും
ഉപമയും ഉല്‍പ്രേക്ഷയും വാര്‍ന്നുപോയ
നിലവിളി ഈരടിയെന്നുപോലും പാടിത്തരില്ല.
ഇനിയാരും അന്വേഷിച്ചുവരാതവണ്ണം
വരണ്ടുവിണ്ടുപോയൊരു വാക്കോ
സ്വയം കൈവിലങ്ങണിഞ്ഞു നില്‍ക്കും.
പാതിവെന്ത മരണം കനച്ചു ചുവയ്ക്കുന്ന
ഓര്‍മകളാണിന്ന് എന്‍റെയും കവിത.

അവരിലാരൊക്കെയോ മരിച്ച രാത്രി
വന്നുവിളിക്കില്ലൊരിക്കലും നമ്മെ.
ഓര്‍ക്കാപ്പുറത്തു വന്നു തൊട്ടുണര്‍ത്തി
അലോസരപ്പെടുത്തില്ലൊരിക്കലും.....
നക്ഷത്രത്തുള വീണ മൗനത്തെ നമ്മള്‍
ആകാശമെന്ന് വിളിക്കാന്‍ പഠിച്ചിരിക്കും.
നമ്മള്‍ പരസ്പരം അത്രമേല്‍
അവിശ്വസിക്കാന്‍ തുടങ്ങിയിരിക്കും.
കൊടുങ്കാറ്റുകള്‍ വേവുന്ന അടുപ്പില്‍
തിളയ്ക്കുന്ന ഒരു തുള്ളി ജീവന്‍
മാത്രമാണിന്നു നിന്‍റെയും
സംഭാഷണങ്ങള്‍.

ചുടലമണം പുറണ്ടേതൊരു വാക്ക്
നമ്മിലാരെ തിരക്കിവരാതിരിക്കില്ലെ?
******************************












വി . ജയദേവ്.
............................

മറ(വി)ചിത്രം



തച്ചവന് മറക്കാം
കൊണ്ടവനു വേദന
നാഭിതടത്തിലെ നീരു പോലെ
അനങ്ങുമ്പോള്‍
ആത്മാവു പുകച്ചങ്ങനെ

തിരസ്കരിക്കാവുന്ന വാക്കിനാ
ലോമനിച്ചു.
ചുളിവു പറ്റാക്കുപ്പായത്താ-
ലണിയിച്ചൊരുക്കി
ഒളിഞ്ഞും തെളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും
ഒക്കെ ,
ഉറയുടെ കരിങ്കല്‍ ഭിത്തി തമ്മില്‍
കൊരുപ്പിക്കാവിത്തുകളായിരുന്നല്ലൊ.

വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍

ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?

അതിനൊറ്റ താക്കോലായെന്‍
പ്രാണനൂറ്റിയ ചഷകവും
ന്‌ലാവു ചത്താരാവും
ഓര്‍മ്മയുണ്ടാവണം

******************











സംവിദാനന്ദ്
*************************

സ്ത്രീ ജന്മത്തിന്‍റെ കണക്കുകള്‍



ആദ്യമായ് കാനേഷുമാരിക്കാര്‍ കണക്കെടുക്കാന്‍ വന്നപ്പോള്‍,
ഞാന്‍ സന്തോഷങ്ങളുടെ കോടികളുള്ളവരില്‍
ഒരാളായിരുന്നു;
അന്നു ഞാന്‍ കുട്ടികളുടെ ലിസ്റ്റില്‍,


രണ്ടാമതവര്‍ വന്നപ്പോള്‍,
ഞാന്‍ സ്വപ്നങ്ങളുടെ ലക്ഷങ്ങളുള്ളവരില്‍
ഒരുവളായി;
കൗമാരക്കാരുടെ ലിസ്റ്റില്‍.

മൂന്നാമതവര്‍ വന്നപ്പോള്‍,
ഞാന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ആയിരങ്ങളുള്ളവരില്‍
ഒരുവളായി;
യവ്വനയുക്തരായ സ്ത്രീകളുടെ ലിസ്റ്റില്‍.


നാലാമതവള്‍ വരുമ്പോള്‍,
എനിക്കറിയില്ല-
ഞാന്‍ സന്തോഷങ്ങള്‍ ഉള്ളവരുടേയോ
അല്ലെങ്കില്‍,
കയ്പുനീരി കുടിക്കുന്നവരുടേയോ ആയ
നൂറുകളില്‍ ഒരുവളായേക്കാം.
ജ്വലിച്ചു തീരുന്ന നിറമുള്ള സ്വപ്നങ്ങളെ നോക്കി,
നെടുവീര്‍പ്പിടുന്നവരുടെ ലിസ്റ്റില്‍.


അഞ്ചാമതവര്‍ വരുമ്പോള്‍,
തീര്‍ച്ചയായും പത്തു ദു:ഖങ്ങളെങ്കിലും
ഉള്ളവരില്‍ ഒരാളായിരിക്കും;
വൃദ്ധാവസ്ഥയുടെ ഇടറുന്ന കാലടിക്കാരുടെ ലിസ്റ്റില്‍.


ആറാമതവര്‍ വരുമ്പോള്‍
ഒറ്റപ്പെട്ടവരുടെ ഒറ്റ ലിസ്റ്റിലാവും
ഇനിയും ഒന്നും ബാക്കിവേണ്ടാത്തവരുടെ
ഒറ്റകളില്‍ ഒരുവളായി.....................

********************












***********
ലീല ഉപാദ്ധ്യായ
**************

ഒരു പെണ്‍ ശില


മഴയേറ്റ് ഒരു പെണ്‍ ശില

കാല്‍ ച്ചുവട്ടില്‍ കട്ടുറുമ്പുകള്‍

കൂട് കൂട്ടുന്നു

മണ്ണില്‍ ചേര്‍ ന്ന്

ഞരമ്പുകളില്‍ പുഴയൊരുക്കി

ചാലുകള്‍ തീര്‍ ക്കുന്നു

കൊഴിഞ്ഞ ഇലകള്‍

കഴിഞ്ഞ പൌര്‍ണ്ണമിയ്ക്ക്

ആരോ ചാര്‍ത്തിയ കുങ്കുമം

ഒലിച്ചിറങ്ങുന്നുണ്ട്

നാഭിയിലൂടെ

യോനിയിലെത്തി

ഇറ്റ് വീഴാനൊരുങ്ങും

ചുവപ്പിനെക്കണ്ട്

വഴിപോക്കര്‍ ചിരിക്കുന്നു

ഇലത്തുമ്പില്‍

ചാര്‍ത്താനൊരു കുറിയായി

തുള്ളിത്തെറിക്കവേ

കണ്ണടഞ്ഞ് പോയി

ലജ്ജയില്‍, മേഘരാഗത്തില്‍
........................



ജയേഷ്
******

ഞാനോ ആത്മകഥയില്‍ ഇത്രയും എഴുതുന്നത്



കള്ളച്ചൂതില്‍ പണയമായ് കിട്ടിയ പെണ്ണിന്‍റെ
മുലകള്‍ രണ്ടും പണ്ടേ പറിച്ചെറിയപ്പെട്ടവ.
നിഴലുകളാടുന്ന രാത്രിയുടെ ചുണ്ണാമ്പുമുറിയില്‍
പെണ്ണിന്‍റെ നാഭിച്ചുഴിക്കടുത്തു ചോര കിനിയുന്ന
രണ്ടു പകിടച്ചാലുകള്‍ ഉറക്കം വരാതെ.
അവളുടെ കണ്ണുകളില്‍ പായ്ക്കപ്പലുകള്‍
തിരസ്കരിച്ച നങ്കൂരങ്ങളുടെ പുറംകടല്‍.
ഉടലിന്‍റെ മുളകുപാടങ്ങള്‍ തൊട്ടെത്തുന്ന
വരണ്ട കാറ്റില്‍ കത്തിക്കരിഞ്ഞ് എന്‍റെ മൗനം.


സ്വയംകുരുതി നടന്ന രാത്രിയില്‍
കളഞ്ഞുകിട്ടിയതത്രയും കള്ളനാണയത്തുട്ടുകള്‍
മേല്‍വിലാസങ്ങളറ്റ യൗവനത്തിന്‍റെ
പുഴുക്കള്‍ തുളച്ച വില്‍പ്പത്രത്തില്‍
അസംബന്ധവായാടിത്തം.
ശിക്കാറുകഴിഞ്ഞെത്തിയ തണുത്ത
തോക്കിന്‍കുഴലില്‍ കടിച്ചുപിടിച്ച്
ആരുടേയോ അവസാന ശ്വാസം.
ഇരുട്ടു തുഴഞ്ഞെത്തുന്ന ഈ
ഏകാകിയുടെ ചോരയ്ക്കും ചവര്‍പ്പ്.
മഹസറില്‍ മഷി വീണു പടര്‍ന്നത്
എന്‍റെ സൗഹൃദം.


മൂര്‍ച്ചയില്‍ കോര്‍ത്തു കിട്ടിയ ഇരയുടെ
കാലിലെ വേഗം മുമ്പേ മുറിക്കപ്പെട്ടവ.
കണ്ണുകളുടെ ആഴങ്ങള്‍ കാഴ്ച കൊണ്ടു
പണ്ടേ മറയ്ക്കപ്പെട്ടവ.


കരഞ്ഞു കലങ്ങിയ ഫലിതം
ഓര്‍മ്മകള്‍ പണ്ടേ ഉടയ്ക്കപ്പെട്ടവ.
വൈകിയോടുന്ന വൈകുന്നേരങ്ങള്‍
പണ്ടേ ആത്മഹത്യ ചെയ്തവ.
വെറും വെട്ടും തിരുത്തലുകളുമായി
മാറ്റിയെഴുതിയത് എന്‍റെ പ്രണയം.


ഓര്‍മ്മകളുടെ ഈടില്‍ കടം പറ്റിയ -
ഈ ദിനങ്ങളൊക്കെയും പണ്ടേ
അരികുകള്‍ കീറി മടങ്ങിവ.
ദിക്കുകള്‍ മുമ്പേ നനഞ്ഞവ.
ആത്മഗതങ്ങളേറെയും
പണ്ടേ പനിപിടിച്ചവ.
കാഴ്ചകളത്രയും
പണ്ടേ കരഞ്ഞവ.

*****************




*****************
വി. ജയദേവ്.

*******************

വിശ്വരൂപം




- മാലതി മൈത്രി




ഏതോ ഒരു നിഗൂഢതയില്‍
എന്റെ അവയവങ്ങള്‍ ഓരോന്നായി
മൃഗമായും പക്ഷിയായും മാറി
എന്നെവിട്ട് അലയാന്‍ തുടങ്ങുന്നു

അതെല്ലാം തിരിച്ചെടുത്ത് ചേര്‍ ത്താലും
ചിലപ്പോള്‍ നഷ്ടപ്പെട്ട ആട്ടിന്‍ കുട്ടിയെപ്പോല്‍
തേടിപ്പിടിച്ച് കൊണ്ടുവന്നാലും
പിന്നേയും യാത്രപുറപ്പെട്ട് പോകുന്നത് ഒരു പതിവായി

കുറേകാലമായിരിക്കുന്നു
അവ പല ദിക്കുകളില്‍ ജലാശയങ്ങള്‍
തേടിച്ചെല്ലും
ഏത്, ഏത് ദിശയില്‍ എന്ന്
ഊഹിക്കാന്‍ പോലുമാകാതെ
തിരിച്ച് വരുമ്പോള്‍
ഏതൊക്കെയോ മണ്ണിന്റെ മണവും ശബ്ദവും
എന്റെ ഉടലെങ്ങും നിറഞ്ഞ്
എന്റെ അടയാളങ്ങളെ
അടുക്കിപ്പെറുക്കുന്നു

എന്റെ യോനി ഒരു ചിത്രശലഭമായി
മലകളില്‍ അലയുന്നത് കണ്ടതായി
കാട്ടില്‍ വിറക് പെറുക്കാന്‍ ചെന്ന
പെണ്ണുങ്ങള്‍ പറഞ്ഞു
*******************


-മൊഴിമാറ്റം ജയേഷ്




*************************

കറുപ്പ്‌


കറുപ്പ്‌
ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.
എത്ര മറച്ചാലും പുറത്ത്‌ കാണുന്ന
അടിപ്പാവാടയുടെ തുമ്പിലെ കീറല്‍ പോലെ...

കറുപ്പ്‌ ഒരു മേല്‍ വിലാസമാണ്‌
അത്‌ ചിലപ്പോള്‍‍ഇരുണ്ട
ഭൂഖണ്‌ഠത്തിലേയ്ക്‌ നയിക്കുന്നു.

ചിലപ്പോള്‍ നമ്മെ
വെളുപ്പിച്ച്‌ വെളുപ്പിച്ച്‌
കരുവാളിച്ചുപോയകരിന്തൊലിയിലേയ്ക്‌.

വിളറിയ വെളുപ്പിനെ
വെള്ളക്കച്ച കൊണ്ട്‌
മൂടിയാലുംമരണം കറുപ്പാണ്‌.

കറുപ്പ്‌
കരിങ്കണ്ണായ്‌ കരിനാക്കായ്‌
സ്വൈരം കെടുത്തുന്നു
എന്നാല്‍ കരിങ്കൂവളമായ്‌
കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്‌
പ്രണയിക്കുന്നില്ല.

കറുപ്പില്‍ ചുരുട്ടിയ ഒരു മുഷ്ടി ഉണ്ട്‌,
ജമൈക്കയില്‍നിന്നുള്ള *വിലാപമുണ്ട്‌,
തൊലിയില്‍ മുറുകുന്ന ചങ്ങലയുടെ നീറ്റലുണ്ട്‌.

എങ്കിലും കറുപ്പ്‌
പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌
ഉണ്‍മയെന്നും
വെളിച്ചം
അധിനിവേശമാണെന്നും.


ടി. വിനോദ് കുമാര്‍

കീഴാളൻ

മലയാളഭാഷയിൽ എൺപതുകളിലെ കവിശബ്ദങ്ങളിൽ കുരീപ്പുഴശ്രീകുമാറിന്റെ ചിലമ്പിച്ച സ്വരത്തിലെ ഇമ്പം സാഹിത്യസദസ്സുകളെ കീഴടക്കിയത് ജെസ്സിയുടെ അകമ്പടിയോടെയായിരുന്നു. അതിനുമൊക്കെ അപ്പുറം ഈ കവി നമ്മുടെ ഇടയിൽ പകർന്നു നൽകിയ ചില തിരിച്ചറിവുകൾക്കും നിലപാടുകൾക്കും ആവിശ്യമായ ജനകീയ പിന്തുണകിട്ടിയിട്ടുണ്ട് എന്നാണ് ഇന്ദ്രപ്രസ്ഥം കവിതയുടെ വിശ്വാസം. അടിസ്ഥാനവർഗ്ഗ ജനതയുടെ നെഞ്ചിടുപ്പുകളെയും വേദനെയും മറ്റേതു കവിയെക്കാളും യാഥാർത്ഥ്യബോധത്തോടെയും നോവോടെയും ഏറ്റുവാങ്ങാൻ കുരീപ്പുഴയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്നെയുമല്ല അത്തരം പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകരുവാനും, നാവായി നിൽക്കുവാനും കവിക്ക് നിരന്തരം കഴിയുന്നുമുണ്ട്.
കുരീപ്പുഴയുടെ കവിതകളിലെ ദ്രാവിഡത്തുടിയും, ദ്രുത താളത്മകതയും അനുവാചകന്റെ ഹൃദയത്തിൽ ഇടം നൽകുന്നു.
ലോകം ആഗോള ഗ്രാമമാകുകയും സമ്പന്നൻ അതിസമ്പന്നനും ദരിദ്രൻ കഠിന ദാരിദ്ര്യത്തിലും ജീവിച്ചേ മതിയാകു എന്നു തിരിച്ചറിഞ്ഞ ഗ്രാമം, ഈ ആഗോളഗ്രാമത്തിൽ വേസ്റ്റുപാത്രത്തിൽ പോലും സ്ഥാനമില്ലാത്ത കീഴാളചോരയ്ക്കും കരച്ചിലിനും ജീവൻപകരുവാൻ, കീഴാളതെരുവുകളിൽ കറുത്ത സൂര്യന്മാരും വിശന്നസൂര്യവംശവും നിലനിൽക്കുന്നെന്നു വിളിച്ചുപറഞ്ഞ ഈ പതിറ്റാണ്ടിലെ മികച്ച കവിതകളിലൊന്നായ കീഴാളൻ അഭിമാനപുരസ്സരം ബ്ലോഗിൽ പോസ്റ്റുന്നു(കീഴാളൻ-കുരീപ്പുഴശ്രീകുമാർ-പ്രസിദ്ധീകരിച്ചത്- സാഹിത്യപ്രവർത്തക സഹകരണസംഘം)



കുറ്റി കരിച്ചു കിളച്ചുമറിച്ചതും

വിത്തു വിതച്ചതും വേള പറിച്ചതും

ഞാനേ കീഴാളൻ

കന്നിമണ്ണിന്റെ ചേലാളൻ

തേവിനനച്ചതും കൊയ്തുമെതിച്ചതും

മോതിരക്കറ്റമുഖപ്പുറം വെച്ചിട്ട്

കാടികുടിച്ചു വരമ്പായ് കിടന്നതും

ഞാനേ കീഴാളൻ

പുതുനെല്ലിന്റെ കൂട്ടാളൻ

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ

സൂര്യനെ കാണിച്ചുണക്കിയടുക്കി

തീകൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം

തോളിലെടുത്തു നടന്നു തളർന്നതും

ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും

ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്

ആകാശക്കൂരയിലന്തിയെരിച്ചതും

ഞാനേകീഴളൻ

നെടുന്തൂണിന്റെ കാലാളൻ

കട്ടമരത്തിൽ കടലിൽ കഴുത്തേറി

കഷ്ടകാലത്തിന്റെ കൊല്ലിവല വീശി

പൂവാലൻ ചെമ്മീനും മത്തിയും മക്കളും

തീരത്തു നേദിച്ചു നേരമിരുണ്ടപ്പോൾ

പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാൻ

ചാളക്കറിക്ക് കൊതിച്ചുകയർത്തതും

ഞാനേ

കീഴാളൻ
കൊടുങ്കാറ്റിന്റെ തേരാളൻ

കൺ തടം കുത്തി കുരുപ്പരുത്തി നട്ട്

പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്

ആദിത്യരശ്മിപോലംബരനൂലിട്ട്

രാപകലില്ലാതെ ഓമൽതറിയോട്

മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും

നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും

ഞാനേ കീഴാളൻ

ഉടുമുണ്ടിന്റെ നെയ്ത്താളൻ

ചന്ദനം കണ്ടതും കൊത്തിമണത്തതും

വെട്ടിമറിച്ചു പുറന്തോടു ചെത്തീട്ട്

ആനയും വ്യാളിയും സർപ്പവും സിംഹവും

പത്തവതാരവും കൊത്തിപൊലിപ്പിച്ച്

കട്ടിൽ കടഞ്ഞതും തൊങ്ങലുവെച്ചതും

കല്ല്യാണതമ്പ്രാനും തമ്പ്രാട്ടികുഞ്ഞിനും

കന്നിരാവത്തു ചിരിച്ചുകളിക്കുവാൻ

കാണിക്കവെച്ചിട്ട്

മാടത്തിന്മുറ്റത്ത് പൂഴിക്കിടക്കയിൽ

ഓലവിരിപ്പിന്മേൽ

നക്ഷത്രം നോക്കി നശിച്ചുകിടന്നതും

ഞാനേ കീഴാളൻ

മുൾമരത്തിന്റെ വേരാളൻ

കായൽക്കയങ്ങളിൽ മാലുകൊരുത്തിട്ട്

തൊണ്ടു കുതിർത്തതും പോളയരിഞ്ഞതും

റാട്ടുകറക്കീട്ട് പൊൻ താരു നൂറ്റതും

ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്

ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോൻ

ഞാനേ കീഴാളൻ

കരിമണ്ണിന്റെയൂരാളൻ

പാർട്ടിയാപ്പീസിന്റെ നെറ്റിയിൽ കെട്ടുവാൻ

രാത്രിയിൽ ചോരക്കിനാക്കൊടി തുന്നിയും

നെഞ്ചോടു ചേർത്ത് കരഞ്ഞു ഞെളിഞ്ഞും

സങ്കടത്തീക്കനൽ തൊണ്ടയിൽ വച്ചിട്ട്

പിന്നിൽ നടന്നതും

താണു ഞെരിഞ്ഞതും

പിന്നെ കിനാവിൻ കലപ്പ നാക്കായ് വന്നു

മണ്ണു തെളിച്ചു വിയർത്തു കിതച്ചതും

ഞാനേ കീഴാളൻ

കൊടിക്കമ്പിന്റെ നാക്കാളൻ

കല്ലരിക്കഞ്ഞിയിൽ വെണ്ണിലാവുപ്പിട്ട്

കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്

വോട്ടുപത്തായക്കുരിക്കിൽ കുനിഞ്ഞിരു

-
ന്നാശയ്ക്കു വിത്തിട്ട് പോഴത്തമാക്കീട്ട്

പുട്ടിലും തട്ടി പുറം തിരിഞ്ഞോടുന്ന

ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്

തീപിടിക്കുന്ന വിളഞ്ഞപാടം പോലെ

നായ്ക്കുട്ടി തട്ടിയുടച്ച കലം പോലെ

വീണേ കീഴാളൻ

കണ്ണുനീരിന്റെ നേരാളൻ

എൻ വിയർപ്പില്ലാതെ ലോകമില്ല

എൻ ചോരയില്ലാതെ കാലമില്ല

എൻ വിരൽതൊട്ടാൽ ചുവക്കുന്നു വൃക്ഷം

എൻ കണ്ണുവീണാൽ രതിക്കുന്നു പുഷ്പം

എൻ കാലനങ്ങി കിലുങ്ങും സമുദ്രം

എൻ തുടി കേട്ടാൽ തുടിക്കുന്നു മാനം

ഞാനേ കീഴാളൻ

കൊടും നോവിന്റെ നാട്ടാളൻ

മേലാളക്കഴുമരമേറി

പിടഞ്ഞൊടുങ്ങുന്നേ

കറുത്തസൂര്യന്മാർ


കീഴാളതെരുവുകൾ തോറും

മുളച്ചുപൊന്തുന്നേ

കറുത്ത സൂര്യന്മാർ

ഭൂലോകപെരുമഴ തുള്ളും

തണുത്ത കൂരാപ്പിൽ

വിശന്ന സൂര്യന്മാർ

ഈരാളുകൾ നൂറാളുകളായ്

പരന്നു കേറുന്നേ

വിശന്ന സൂര്യന്മാർ

ഞാനെന്റെ ദുഃഖച്ചിന്തുകളും

താളവുമായി

പൂക്കൈത മറപറ്റുമ്പോഴെ

കൂടെ വരുന്നേ

ആദിത്യൻ കതിരുണരുമ്പോഴെ

കൂടെ വരുന്നേ

അണ്ണാറക്കണ്ണനുമായിട്ടേ

കൂടെ വരുന്നേ


..
കുരീപ്പുഴശ്രീകുമാർ

..

അടുക്കള



എത്ര ആധുനികമാണെങ്കിലും
വീടായാല്‍
കല്ലടുപ്പ് വേണമെന്നുമ്മ.

കല്ലടുപ്പിന്‍റെ കാലപ്പഴമ
സ്ഥലപരിമിതികള്‍
ഒന്നുമവര്‍ക്കറിയണ്ട.
പെരുമകള്‍
ഏറെ പറഞ്ഞ് കൊണ്ടിരിക്കും.

കല്ലടുപ്പില്ലെങ്കില്‍
വീട്ടില്‍ കാല്‍ക്കുത്തില്ലെന്നുമ്മ.
ഒടുവില്‍
മൂന്ന് കല്ലില്‍ ഒരടുപ്പ്.
ഒരിക്കല്‍
വീട്ടിലെ ഒരുകല്ല് ചെരിഞ്ഞപ്പോഴാണ്
സകലതും വെന്ത്പോയത്.
അടുപ്പില്‍ തീയണഞ്ഞത്.
അന്നം മുട്ടിയത്.

എല്ലാകല്ലിനും
അടുപ്പാവാന്‍ കഴിയില്ല.
പുകയുണ്ടാക്കാനും.


തോളോട് തോള്‍
ഒരു മൗനമായ്
ചേര്‍ന്ന് നില്‍ക്കുബോഴാണ്
അടുപ്പുകളുണ്ടാവുന്നത്

ഉമ്മയുടെ പിടിവാശികള്‍ .
*************************

ഫിറോസ്
തിരുവത്ര,
ബഹറിന്‍.
*************************

സമാധാനം വില്‍ക്കുന്ന കട



കവി : കുന്‍വര്‍ നരൈന്‍

അയല്‍പ്പക്കത്ത് അയാള്‍ സമാധാനം വില്‍ക്കുന്നു !

ഉച്ചഭാഷികളുടെ

ഒരു കടയുണ്ട് അയാള്‍ക്ക്

എന്റെ വീടിനോട് തൊട്ട് ചേര്‍ന്ന് !

അതിരാവിലെ ഉദയത്തിന്‌ രണ്ട് മണിക്കൂര്‍ മുമ്പ്

ഉച്ചഭാഷിണി വയ്ക്കാതിരിക്കാന്‍

അയാള്‍ എന്നോട് നൂറ്‌ രൂപ

മാസം തോറും ഈടാക്കുന്നുണ്ട് !

അയാള്‍ക്കറിയാം ഞാന്‍

സമാധാനമില്ലാതെ ജീവിക്കാന്‍ പറ്റാത്ത

ഹതഭാഗ്യരില്‍ ഒരാളാണെന്ന് !

അയാള്‍ ക്കറിയാം, വരും കാലങ്ങളില്‍

ശുദ്ധജലത്തേക്കാളും ശുദ്ധവായുവിനേക്കാളും മീതെ

സമാധാനം ദുര്‍ലഭമായിരിക്കുമെന്ന് !

അയാള്‍ ക്കറിയാം

വിപ്ലവത്തിന്റെ കാലമെല്ലാം കഴിഞ്ഞിരിക്കുന്നു ;

വയറ്‌ നിറയ്ക്കാന്‍ ഇനി

സമാധാനം വിറ്റേ പറ്റൂ !

ഞാന്‍ അയാളോട്` കടപ്പെട്ടിരിക്കുന്നു !

ഭാരതം പോലെ വിലകള്‍ ആകാശം മുട്ടുന്ന

ഒരു രാജ്യത്ത്,

രണ്ട് മണിക്കൂര്‍ സമാധാനത്തിനായി

മാസം നൂറ്‌ രൂപാ ഈടാക്കുന്നത്

അത്ര വലിയ വിലക്കൂടുതലൊന്നുമല്ല !

**************************************


-മൊഴിമാറ്റം ജയേഷ്

പകുതിയുടെ അര്‍ത്ഥം


പലകാര്യങ്ങളും
പറഞ്ഞു കൊണ്ടിരിക്കെയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
ഒരു മഞ്ചാടിക്കുരുമാല
പാതി കോര്‍ത്തുവച്ചത്,
ഒരു കടലാസ് വഞ്ചി
കടലാസില്‍
മടങ്ങിക്കിടക്കുന്നത്,
എന്നോടെന്തൊ
പറഞ്ഞുനിര്‍ത്തിയത്.

ഒരു മയില്‍പ്പൂവന്‍റെ പടം
അവള്‍ പെട്ടിയില്‍
അമര്‍ത്തിവച്ചിരുന്നു.
ഉമ്മറപ്പടിയിലെ അളുക്കില്‍
ഒരു പാട് കുന്നിമണികള്‍.
ഞങ്ങള്‍ രണ്ടാളും
ചേര്‍ന്നു നില്‍ക്കുന്ന പടം
മനസില്‍ മടക്കിവച്ചിരുന്നു.

പലതും പറഞ്ഞിരിക്കേയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കിവച്ച്
ഒരു കടങ്കഥ.

പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്.
..................................

വി . ജയദേവ്
******** ***
വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരി എന്ന കവിതാ സമാഹാരത്തില്‍ നിന്നും
***************************************************************

വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ!



നിങ്ങ
ള്‍ ജീവിതത്തെ കണ്ടിട്ടുണ്ടോ
ചിലരുടെ ചിരിയില്‍ തൂങ്ങി
ചിലകഥകളില്‍ നിറഞ്ഞ്
ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത്
അരുവിയായും കൊച്ചോളങ്ങളായും
ചില മഴകളില്‍ മാത്രം നിറഞ്ഞും
ചില വഴികളോടുമാത്രം
'കിന്നാരം പറഞ്ഞും.'

ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെ പോയതെന്നും അവള്‍ .....

ഒരുദിനം
വഴിയില്‍ വെച്ചുകണ്ടു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍
പെറുക്കുന്ന ഒരു ജീവിതം
ഇരുട്ടില്‍ നില്‍ക്കുന്നു വഴിതെറ്റിയതാണ്
ആരൊ ബലമായി അന്യദേശത്ത് കൊണ്ടുപോയതാണീ
ജീവിതത്തെ ,
മഴയില്‍ ഒരു ദിനം നനഞ്ഞുപോയി
ഈ ജീവിതം.
എന്നാല്‍ തെല്ലുപരിഭവമില്ലാതെ നില്‍ക്കുന്നു
ഒടുക്കം യാത്ര ചോദിക്കുന്നു
മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം.

വഴികളില്‍
വളവില്‍പ്പനക്കാരിയൊരു ജീവിതം
ഊരുതെണ്ടിമറ്റൊന്ന്.

ഇവിടെയുണ്ട് ജീവിതം അന്യമായ്
ഇന്ത്യയുടെ മാപ്പ്
പൊതുവിവരങ്ങളടങ്ങിയ ഡയറി
ശില്‍പങ്ങള്‍
വില്‍ക്കുന്നുണ്ടവള്‍
തലസ്ഥാന നഗര‍ നിരത്തില്‍
വിലപേശി ജീവിതം.

[സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..
കേവലം ഒരു ചാഴയുടെ പണം പോലുമില്ലസാര്‍ ...
സാര്‍]

പക്ഷെ
ഇപ്പോള്‍ നിശ്ചലം
ചങ്ങലയ്ക്കിട്ടിരിക്കുന്നു
ഒരു പോമറേനിയന്‍ ജീവിതം.
.................................................

...............................
ദിനേശന്‍ വരിക്കോളി.
..............................

തമിഴ് ജീവിതം



അറിയിപ്പ് മണികള്‍
പണി ചെയ്തില്ലെങ്കിലും
വന്നവരാരും മടങ്ങിപ്പോകാറില്ല

കുളിമുറിയ്ക്ക് കൊളുത്തില്ലെങ്കിലും
ഈ ഒന്നരവര്‍ഷത്തിനിടയ്ക്ക്
ആരുടേയും സ്വകാര്യതകള്‍ക്കും
അപായം സം ഭവിച്ചിട്ടില്ല

കസേരയുടെ ഒരു കാല്‍
ചെറുതായി ഇളകുമെങ്കിലും
വിരുന്നുകാരന്‌
ഒരു അപമാനവും ഉണ്ടാവില്ല

ഒരാഴ്ചയായി
ബ്രേക്ക് ശരിയല്ലാത്ത വാഹനത്തില്‍
ദൈവം തുണയായുള്ള ഈ നഗരത്തില്‍
ചുറ്റിത്തിരിയുന്നു
അടിവയറില്‍ ഇടത് വശത്തെ വേദന
ഇപ്പോഴെല്ലാം ഇടയ്ക്കിടെ വരുന്നുണ്ട്
ഒരു പ്രത്യേക രീതിയില്‍ കുറച്ച് കിടന്നാല്‍
സമാധാനമായേക്കും

എല്ലായിടത്തും
ചെയ്ത് തീര്‍ ക്കാനുള്ളത് ഒരുപാടുണ്ട്
എങ്കിലും പ്രശ്നമില്ലാത്തതാണ്‌
തമിഴ് ജീവിതം.
*************
-മനുഷ്യപുത്രന്‍.

-മൊഴിമാറ്റം ജയേഷ്

ഇടം മാറുമ്പോള്‍


ഓരോന്നിനും അതിന്‍റേതായ ഇടമുണ്ട്‌.
നിലവിളക്ക്‌:
പുളിയിട്ട്‌ തേച്ച്‌ മിനുക്കി തിരി തെളിച്ച്‌
വീടിന്ന്‌ വെളിച്ചമായ്‌
അദ്ദേഹത്തിന്‍റെ മനസ്സില്‍ തെളിച്ചമായ്‌
പൂമുഖപ്പടിയില്‍.
തിരിയണഞ്ഞാല്‍
മുറിയുടെ ഇരുട്ടുമൂലയില്‍
ഒരു പ്രകാശനാളത്തിന്‍റെ ഓര്‍മ്മയിലേക്ക്‌
തുറക്കാനാകാത്ത
തുറിച്ച മാറാലക്കണ്ണുകളുമായ്‌,
നാളെതന്‍ ക്ളാവിലേക്ക്‌ കാലും നീട്ടി....

സമ്മാനക്കപ്പുകള്‍
‍സ്വീകരണമുറിയില്‍ത്തന്നെ.
നേടിയ കൈകള്‍ക്ക്‌ എത്താ ഉയരത്തില്‍
ചില്ലലമാരയില്‍
അവളുടെ കൊതിക്കണ്ണില്‍ കരടായ്‌
നമ്മുടെ പൊങ്ങച്ചത്തൊപ്പിയില്‍ തൂവലായ്‌.

ചൂലിന്‍റെ ഇടം
വാതിലിന്‌ പിറകിലാണ്‌.
എലുമ്പുമെച്ചിലും കൊഴിഞ്ഞ ഇലകളൂം
ഇടറിയ കാലടിപ്പാടുകളും തൂത്തുവാരിക്കളഞ്ഞ്‌
വിശുദ്ധിയുടെ കണിയൊരുക്കുന്നവള്‍ .
സ്വയം കണിയാകാന്‍ കൊള്ളാത്തവള്‍ .
അശ്രീകരം;
അവള്‍ മറഞ്ഞിരിക്കണം.

കറിക്കത്തിക്കുമുണ്ട്‌ ഒരിടം.
പരതുന്ന കൈക്കരുത്തിന്‌ വഴങ്ങി
അവന്‌ വേണ്ടി
കീറാനും മുറിക്കാനും കൊല്ലാനും
അവസരം സ്വപ്നം കണ്ടിരിക്കാന്‍ ;
ഇടം മാറിയിരിക്കുമ്പോള്‍
തന്നിഷ്ടത്തോടെ മുറിച്ചും നോവിച്ചും ചോര ചീറ്റിയും
കടിച്ചുകീറാന്‍ പാകത്തില്‍ .

ഓരോ ഇടം മാറ്റത്തിലും
ഒരു കലഹം മറഞ്ഞിരിപ്പുണ്ട്‌,
ഒരു വെല്ലുവിളിയും;
കല്‍പ്പിച്ചുകിട്ടിയ ഇടത്തിന്‍റെ നിഷേധം.
ഓരോ ഇടം മാറ്റവും ഓരോ തുടലറുക്കലാണ്‌.

.................................

ടി. വിനോദ് കുമാര്‍
****************

അങ്ങനെയിരിക്കെ,



അങ്ങനെയിരിക്കെ,
ഉപേക്ഷിച്ചു പോന്നൊരു ഇടം
അനുമതിയൊന്നും കൂടാതെ
മനസ്സില്‍ പൊന്തും

നീറ്റല്‍ മറന്ന സിരയില്‍
ചില സന്ദര്‍ഭങ്ങള്‍ തൂക്കിയിടും
മാംസം തുളഞ്ഞു ചില വേദനകള്‍
ഏങ്ങലടിച്ചു കഴിയുന്നണ്ടവിടെ
ച്ഛെ ! നശിഞ്ഞ ഓര്‍മ്മകള്‍
എന്നൊക്കെ പ്‌രാകി നില്‍ക്കുമ്പോള്‍
മിണ്ടാതെ പടിയിറങ്ങിയിരിക്കും

തിരക്കിട്ടു പായവെ പഴയൊരു സുഗന്ധം
എന്നെ മറന്നില്ലല്ലൊ എന്ന മട്ടില്‍
ചുറ്റും നിറയും
ഇല്ല
ഇത് എന്റെമാത്രമെന്നൊക്കെ
വിചാരിച്ചിരിക്കെ ഉച്ചത്തില്‍ ഹോണ്‍
തെറി,ബഹളം ഒടുവില്‍
ഞാനെന്തായിരുന്നു ഓര്‍ത്തോണ്ടിരുന്നത്
എന്ന് മനസ്സു പരതുമ്പോള്‍
ഓരം പറ്റി
തിരികെ പോവുന്നുണ്ടാവും
ഇനിയും വരാമെന്നുറപ്പില്ലതെ


“സൂര്യ”ബസ്സില്‍ തിക്കിപൊത്തി നില്‍ക്കെ
പാടിമറക്കാത്തൊരീണം
എല്ലാവരെയും തന്നിഷ്ടത്തിന് നായകരാക്കി
താളമിട്ടു
വണ്ടിനിറയുന്നു
ഈണമിട്ട് ചങ്കുനിറയെ
സ്റ്റോപ്പെത്തിയെന്ന ബെല്‍

ശാന്തമായൊരു പ്രഭാതത്തിനു
നന്ദി, എന്നും ഇങ്ങനെ വേണം
എന്നൊക്കെ കരുതി പിന്‍ വാതില്‍‍തുറന്ന്
തൊടിയിലിറങ്ങെ
വാതില്‍ക്കല്‍ തിരക്കിട്ടു മുട്ടുന്നുണ്ടാരൊ
പ്രാണനെന്നു നിനച്ചൊരാളുടെ
ജഡവുമായ്
**************************



അനിത
******

(ദൈവ )വചന സങ്കടങ്ങൾ

സംവിദാനന്ദ്


പാപ മെന്തന്നറിയാതെ ആപ്പിൾ കണ്ട്
ഭയന്നവളെ പരിശുദ്ധാത്മാക്കൾ
കിണറ്റിലിട്ടു
ഭ്രാന്തെന്നും, അടിവയറ്റിൽ ചില വിത്തുകളുണ്ടെന്നും
കിണറിന്റെ സാക്ഷിമൊഴി


തിരുത്തിയോ ആവോ?

ദൈവം പാപിയായ പോലെ.


വിശുദ്ധ വസ്ത്രങ്ങളിൽ
സ്ഖലന രേഖകളുടെ
ഭൂഖണ്ഡങ്ങളാണുപോൽ
ആമേൻ



എന്നിട്ടും കുഞ്ഞാടുകൾ
മുട്ടിപ്പായ് പ്രാർത്ഥിച്ചു

നീ തിരിച്ചു വരേണമേ
സ്വർഗ്ഗത്തിലെ പോലെ
ഭൂമിയിൽ ഇരു മനസ്സുള്ളവർക്ക് സമാധാനം
(ഞങ്ങൾക്ക് ഹിതകരമായ് മാത്രം)

സത്യം നിലനിർത്തണമേ
(ഞങ്ങളുടെ ദുർബലതകളെ മറച്ച്)
വോട്ടുബാങ്കാണെ.

ഭൂമിയിൽ കന്യകമാരില്ലാത്തതിനാൽ
അവൻ വീണ്ടും ജനിക്കുമോ

ഇനിയുള്ളകാലം സത്യമൊക്കെ
സത്യമായിരിക്കുമോ?

നിനക്ക് വേണ്ടി ഈ വേനല്‍ക്കാലം



-കുട്ടി രേവതി

നിന്റെ നെഞ്ചിലെ പുല്‍ത്തകിടി വരണ്ടിരിക്കുന്നു
ഇപ്പോഴെല്ലാം നീ കത്തുകളെഴുതുന്നേയില്ലല്ലല്ലോ
മനസ്സുരുകിയ നിന്റെ കത്തുകളില്‍
കണ്ണീര്‍ ബഹളം കൂട്ടുന്നു
അനേകം കൈകള്‍ കൊണ്ട് അണച്ചുപിടിക്കാന്‍ തോന്നും വിധം
നിന്റെ ഉടല്‍ മനോഹരമായിരിക്കുന്നു.

ഞെരിഞ്ഞ് കിടക്കുന്ന കത്തുകളേയും കൊണ്ട് പോകും പോസ്റ്റ് മാനും
തന്റെ ബാല്യരഹസ്യങ്ങളെ മറന്ന ആ പെണ്‍കുട്ടിയും അല്ലാതെ
വേറെയാരും ഇല്ലയീ വെയിലിന്‍ വഴിയില്‍
നീര്‍ചാലുകളെയെല്ലാം ഒറ്റയിറക്കിന്‌ കുടിക്കും

വെയിലിന്‍ വിചിത്രമായ പക്ഷിയിന്‍ ശബ്ദത്തില്‍
പാറകള്‍ പോലും ഉണരുന്നു.
ഓരോ നാളും ചോരയില്‍ മുങ്ങിനിവരും സൂര്യന്റെ കീഴില്‍
-കളിക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍

ആരും ഇല്ലാത്ത വീട്ടില്‍
കുറേ നേരമായി മണിയടിക്കുന്നു ടെലഫോണ്‍
പൊടിയില്‍ കണ്ണ്‌ മങ്ങിപ്പോയ പെണ്‍കുട്ടി.

മരങ്ങള്‍ കാലൂന്നാന്‍ മടിച്ച
കഴിഞ്ഞ് പോയ ഒരു വേനലില്‍
എന്റെ ഉടലിനെ ഉയിരുള്ള നിലം എന്ന് പറഞ്ഞ
നിന്റെ ഉമ്മകളേയും
കണ്ണിരിന്‍ ഉപ്പ് നിറഞ്ഞ കലഹങ്ങളേയും
ചേര്‍ത്ത് വച്ചിരുന്ന സഞ്ചി
ഉണര്‍ ന്നെഴുന്നേറ്റപ്പോള്‍ തുറന്നിരുന്നു.

അണഞ്ഞ വിളക്കിന്‍ വാസനയെ ഓര്‍മ്മിപ്പിക്കും
ഈ വേനല്‍ക്കാലം നിനക്ക് വേണ്ടി കൊണ്ടുവന്നിരിക്കുന്നു ഞാന്‍
കത്തുകള്‍ എഴുതുക നീ.


മൊഴിമാറ്റം ജയേഷ്