
ഈ വെറും വെള്ളക്കെട്ടിനെ
കടലെന്ന് വിളിച്ചും
കാമാതുരയെന്നു പറഞ്ഞും
അതില്‍ തുഴയെറിഞ്ഞും
പാഴാക്കിയ സമയത്ത്
ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍
നാല് നക്ഷത്രത്തെയെങ്കിലും
ചൂണ്ടയിടാമായിരുന്നു.
ചൂണ്ടയോടുള്ള അവറ്റയുടെ
കൊതിയൊന്നു കാണണം.
ഈ വെറും പഴന്തുണിക്കെട്ടിനെ
വെറുതെ ആകാശമെന്ന്
പരദൂഷണം പറഞ്ഞും
പറക്കാന്‍ വെറുതെ
ഉടലിനെ കൊതിപ്പിച്ചും
പരസ്പരം വ്യാമോഹിപ്പിച്ച നേരത്ത്
മനസുവച്ചിരുന്നെങ്കില്‍
പണ്ടാരാണ്ടു പറഞ്ഞതു പോലെ
ആ മഴവില്ലിന്‍റെ വളവങ്ങ്
നിവര്‍ത്തുകൊടുക്കാമായിരുന്നു.
അതിന്റെ കൂനെത്ര കാലമാ
കണ്ടുകൊണ്ടിരിക്കേണ്ടത്.
ഈ വെറും രോമക്കെട്ടിനെ
രാത്രിയെന്നു വിളിച്ചും
ഉറങ്ങാതിരുന്നു പോഴത്തം പറഞ്ഞും
ഓരോ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയും
കഴിച്ച കാലമോര്‍ക്കുമ്പോഴാണേ
ഇക്കണ്ട മഴയെല്ലാം
പെയ്തു തോര്‍ന്നത്.
മനസിനകത്തിനി ചോരാത്ത
ഒരിടം പോലുമില്ല.
കൈയിലാണെങ്കില്‍
മരുന്നിനുപോലും തികയില്ല
ബാക്കിയുള്ള സമയം.
വി.ജയദേവ്

,.
1 comment:
aashamsakal.......
Post a Comment