വക്കും മൂലയും ചുളുങ്ങിയ മനുഷ്യർ





ആദ്യ ശമ്പളമപ്പാടെയടിച്ചു മാറ്റിയ
ലോക്കലിന്റെ മടിയിൽ
ആയുസ്സു മുഴുവൻ
തോൾ ബാഗൊതുക്കിയിരുന്ന
നിരഞ്ചൻ നിംബാൽക്കർ.
അകാലനരയും കഷണ്ടിയും നൽകിയ
ക്ലോറിൻ വെള്ളത്തിൽ കുളിച്ചു കുറിയിട്ട്
പട്ടടയോളം പോയ പട്ടാഭിറാവു.
പ്രേമം ചതിച്ച തെരുവിൽ
ചുട്ട പ്രേമം വിറ്റ്
മോളെ പറത്തിവിട്ട ശീലുബേൻ.
വാതത്തിന്റെ മുടന്തുമായി
കോണിപ്പടിക്കൊപ്പം ഞരങ്ങുന്ന
ഗോൾകീപ്പർ ഗോസ്വാമി.
ചാൻസു തേടി ഉറക്കമിളച്ച
ഒറ്റരാത്രിയുടെ ഓർമ്മക്ക്
ഉറക്കഗുളിക നേദിക്കുന്ന
താരനായിക തന്വി നായിക്.
സിഗ്നൽ തെറ്റിച്ചില്ലെന്നു തർക്കിച്ച്
പിഴയും പിഴയുടെ പിഴയുമടച്ച്
വീട്ടുകാരിയോടകാരണം തട്ടിക്കേറുന്ന
റ്റീ പ്പീ ക്കേ നായർ.
സെൻസെസിന്റെ ലിഫ്റ്റ് തകർന്ന്
നട്ടെല്ലൊടിഞ്ഞ നാരായൺ നഹാത്തെ.

മുനിസിപ്പൽ വണ്ടി വാരിവലിച്ചെടുത്ത
ചോറിനു പിന്നാലെയോടുന്ന
വഴിവാണിഭക്കാരൻ വാസുദേവ്.
മണ്ണിന്റെ മക്കളെറിഞ്ഞ
തീപ്പൊള്ളലേറ്റുണങ്ങാത്ത മുറിവുമായ്
വണ്ടിയുന്തുന്ന കണ്ടൂറാം.
തന്റെ കൊച്ചിന്റെയച്ഛനെ
ഓഫീസിലെന്നുമഭിവാദ്യം ചെയ്യുന്ന
പുരുഷു.
അടിപൊളി അനിയന്മാർക്കു
നീന്തിക്കുളിക്കാൻ
ഒരു ടിൻ വെള്ളവുമായെന്നും
ക്യൂനിൽക്കുന്ന കാദർഭായ്.
ജോലിത്തിരക്കിനിടയിൽ
മുത്തശ്ശിയെ മക്കൾക്കു
പരിചയപ്പെടുത്താൻ
മറന്നല്ലോന്ന് മഞ്ജുനാഥ്.
മക്കൾക്കു വേണ്ടി തറവാടു വിറ്റ്
ഫ്ലാറ്റിന്റെ അഴിപിടിച്ചാഞ്ഞു വലിക്കുന്ന
ആസ്തക്കാരൻ അയ്യപ്പൻ.
ആണുങ്ങടെ ബോഗിയിൽ
പുറം തിരിഞ്ഞും, കണ്ണിറുക്കിയടച്ചും
നാണം മറയ്ക്കുന്ന ലാജവന്തി.
ഓർമ്മകളുടെ സ്ലേറ്റ് മാഞ്ഞ പപ്പ
ഫ്ലാറ്റിലൊറ്റെക്കെന്നയോർമ്മ മൂടിവെച്ച്
റിസപ്ഷനിൽ പുഞ്ചിരി പൊഴിക്കുന്ന
പിങ്കി പെരേര.
കല്ല്യാൺ ഫാസ്റ്റ് കുടഞ്ഞെറിഞ്ഞ
ഒറ്റമകന്റെ ഓർമ്മത്തരികൾ
കൂനിയിരുന്നടുക്കിയടുക്കി
ഉണർന്നിരിക്കുന്ന ഉജ്വല.

അതിഭാരമതിവേഗം
അതിദൂരമെന്നോർത്ത്
വേഗമാപിനികളിൽ
തൂങ്ങിയാടിയുന്തിയുരസി
വക്കും മൂലയും ചുളുങ്ങിയ
മനുഷ്യർ.
അപ്പപ്പോൾ ചളുക്കം നൂത്ത്
ഒത്ത നിറമടിച്ച്
ഷെഡിൽ കേറാത്ത
മുംബൈയ്ക്കർ!

പി. ഹരികുമാർ.

2 comments:

നിശാഗന്ധി പൂക്കുന്ന രാത്രി said...

ഏത് നാട്ടുകാകാരായാലും അവിടെയെത്തിയാല്‍ മുംബൈക്കാര്‍ എന്ന് പൊതുവെ പറയാമല്ലേ?

Vinodkumar Thallasseri said...

ഓര്‍മ്മയില്‍ അതി വിദൂരതയിലെങ്ങോ മുംബൈ സബര്‍ബന്‍ തീവണ്ടി. അതില്‍ നിലത്തും ആകാശത്തുമല്ലാതെ ഒരു യാത്ര.