
തീഷ്ണമായ ഒരു പ്രണയ രംഗത്തിനു
സക്ഷ്യം വഹിച്ചു കഴിഞ്ഞു
വേഗം നിലച്ച ചവറ്റു കൂനകക്കു നടുവില്‍ കിടന്നു
ഉറ ആലോചിച്ചു:
എത്ര ഹ്രസ്വമായിരുന്നു എന്റെ നിയോഗം!
അല്പ്പം കിതപ്പുകളിലും ഒരാക്രോശത്തിലും ഒടുങ്ങാന്‍ മാത്രം
നൈമിഷികമോ മനുഷ്യരുടെ
പ്രകീര്ത്തിക്കപ്പെട്ട പ്രേമാഹ്ലാദം?
എനിക്കു വേണ്ടാ ആ ക്ഷണിക സൗഖ്യം
അതിന്റെ സന്തതി വേണ്ടെന്നു
ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു
ഇനി തൂപ്പു കാരിയുടെ നൂറുവിരലുള്ള കൈയില്‍ കുരുങ്ങി
ഉണക്ക ഇലകല്ക്കും പഴകിയ വാര്ത്തകൾക്കും
പാപം പുരണ്ട ഓര്മ്മകള്ക്കുമൊപ്പം,
മൂക്കു പൊത്തുന്ന ഒരു പുലരിയില്
കത്തിക്കരിയാന്‍ മത്രമുള്ളത്
ഈകനംകുറഞ്ഞ ജന്മം.
വിട, ഭാവിയുടെ വിത്തുകളുമായ്
ഞാനിത പോകുന്നു,
എന്നെ കാത്തിരിക്കുന്ന
അഗ്നിയുടെ തീവ്രാശ്ലേഷത്തിലേക്ക്.
എന്നാല്, ഈ ആത്മഗതം തീർന്നില്ല,
അതിനും മുൻപേ, ചാക്കുമായ് ചവറില്‍ പരതുന്ന
ഒരു കൊച്ചു കറുത്ത കൈ നീണ്ടുവന്നു
അതു പൊക്കിയെടുത്തു ചുണ്ടിലേക്കുയർത്തി
ഊതിയൂതിവീര്പ്പിച്ചു..ആനന്ദമൂര്ച്ചയുടെ
ഒരൊറ്റപൊട്ടിത്തെറിയില്
അതിന്റെ വെളുത്ത വിത്തുകള്
പിളര്ന്ന മണ്ണില്‍ ചിതറിവീഴും വരെ
അതൊരു ജനനമായിരുന്നോ
മരണമായിരുന്നോ എന്നു
ദൈവത്തിനു പോലും തീരുമാനിക്കാനായില്ല.
സച്ചിദാനന്ദന്‍

..........................................................................
1 comment:
ഇത് കവിതയോ അതോ ... അപാരം തന്നെ!
Post a Comment