ഉപ്പുമാങ്ങ/

നജും/najum


കൂടെവന്ന കൂട്ടുകാരന്‍
മൂന്നാമതും പോയി
തിരിച്ചെത്തിയിന്നലെ

പെട്ടിതുറന്ന്‌
പരത്തിയിട്ടിരിക്കുന്നു
നാട്ടുംപുറം
മൊത്തമായൊരു മൂലയില്‍

ചുട്ടകോഴിയെ
ചതച്ചരച്ച കോഴിവട

ചുട്ടണ്ടിയോടൊപ്പം
പൂത്ത്‌ നില്‍ക്കുന്നൊരു
പറങ്കിമല

പൊള്ളിച്ച ചെമ്മീന്റെ കണ്ണില്‍
ഉച്ചവെയില്‍ മങ്ങിയ
പൊന്നാനി കടപ്പുറം

വെട്ടിയെടുത്ത അലുവക്കെട്ടില്‍
‍കൊട്ടിയിറങ്ങുന്ന
മണത്തല ചന്ദനക്കുടം

വക്ക്‌ പൊട്ടിയ
കൂട്ടാന്‍ ചട്ടിയില്‍
‍നെറുക്‌ പിളര്‍ന്നൊരു
ചെട്ടിച്ചി

കാച്ചിയ എണ്ണയിലെ
മുത്തങ്ങാ മണം
തിരിച്ച്‌ ചോദിച്ചു
നുള്ളിമാറ്റിയതിന്റെ നോവ്‌

ഉപ്പുമാങ്ങ മാത്രം
കൊണ്ടുവന്നില്ല

എപ്പോഴും
ഉമ്മൂമ്മ പറയാര്‍ന്നൂ
ഉപ്പിലാവുന്നതിന്റെ ദണ്ണം.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

വേശ്യഭാവനയുടെ ഗ്രൌഡ്‌
സീറോയില്‍
നീയൊരിക്കലും
വരുന്നില്ല

നിസാര്‍ ഗബ്ബാനിയുടെ
പുകമഞ്ഞില്ലും
ജിബ്രാന്റെ വീഞ്ഞിലും
നിന്റെ റൂഹില്ല

നിന്നെ എഴുതുബോള്
‍തെളിഞ്ഞ കടലാസിലെ
പരന്ന ചായത്തില്
‍നിന്നൊരുകരിമൂര്‍ഖന്
‍വിഷം ചീറ്റുന്നു

നീ കത്തിച്ച രാത്രികളുടെ ചാരം
എത്ര ഊതിയാലും
ഒരു തീപ്പൊരി പിടയില്ല

നനഞ്ഞ കുപ്പായത്തിലെ
ചുരുണ്ട ഗാന്ധിതലയില്
‍നീ പൊള്ളിച്ച ചുംബനങ്ങളൊന്നും
നാളെ നിന്റെ കടലിലെ
വെളുത്ത അരയന്നങ്ങളാവില്ല
..........

5 comments:

പാമരന്‍ said...

ഉപ്പുമാങ്ങ നേരത്തേ വായിച്ചിട്ടുണ്ടായിരുന്നു. വേശ്യ അതിഗംഭീരമായി..

lakshmy said...

രണ്ടു കവിതകളും മുൻപ് വായിച്ചിരൂന്നു. പക്ഷെ, വേശ്യയുടെ കഴിഞ്ഞ പോസ്റ്റിലെ ചിത്രം തിരിഞ്ഞു നിൽക്കുന്നൊരു പെൺകുട്ടിയുടേതാണെന്ന് ഓർക്കുന്നു. ഈ ചിത്രവും മനോഹരം

Vinodkumar said...

ഉപ്പുമാങ്ങ. ഇത്‌ ശരിക്കും ഒരു പ്രവാസികവിത. ഒരു മീന്‍ കണ്ണില്‍ ഒരു കടലും ഒരു അലുവത്തുണ്ടില്‍ പോയകാല്‍ത്തിണ്റ്റെ മുഴുവന്‍ മധുരവും അനുഭവിക്കുന്ന പ്രവാസി.ഇനി ഒരിക്കലും കിട്ടാത്ത ഉപ്പുമാങ്ങയുടെ പുളിയും അപ്പോള്‍ നാവിലെത്തും. ഗംഭീരം. വിനോദ്‌കുമാര്‍, ദില്ലി.

Vinodkumar said...

വേശ്യ. കവിത കൊള്ളാം. എരിഞ്ഞുപോയ രാത്രികളുടെ ചാരത്തില്‍ തീപ്പൊരി കാണുക അസാധ്യം. ഗംഭീരം.

Sureshkumar Punjhayil said...

Ashamsakal...!!!