നമ്മള്‍ എന്നൊരു ഉപമജീവിതത്തെ നിങ്ങളെന്താണിനിയും അനുകരിച്ചുതുടങ്ങാത്തതെന്ന് അവള്‍ പിന്‍സീറ്റിലിരുന്നു ചോദിക്കുമായിരുന്നു. ഞങ്ങളപ്പോള്‍, മരണത്തിന്‍റെ അടിവയറ്റില്‍നിന്നു നീല ഞരമ്പില്‍ പിടിച്ചു മുകളിലേക്കു കയറുകയായിരിക്കും. മുകളിലേക്കൊന്നും നോക്കിപ്പോവരുത്. അവിടെ ലോകം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുകയാവും. അവരുടെ ശ്വാസമെന്നുമുറിഞ്ഞാല്‍ നമ്മള്‍ ജീവിതത്തിലേക്കാവും വീണുപോവുക. ചോദ്യം വീണ്ടുമുയരുമ്പോള്‍ മറുപടി ഇങ്ങനെ പറഞ്ഞെന്നു വയ്ക്കുക: ഇപ്പോള്‍ നമ്മള്‍ ജീവിതത്തിനും മരണത്തിനും അപ്പുറത്ത്. വിചാരങ്ങളില്ലാതെ ഒരു ഒച്ചിഴയുന്നതു പോലെ. മുകളില്‍ നിന്നുള്ള കാതടപ്പിക്കുന്ന പ്രലോഭനങ്ങള്‍ക്കിടയില്‍ അവള്‍ പിണങ്ങും: നിന്‍റെ ഉപമകളത്രയും തേഞ്ഞത്, അവയൊന്നു വിയര്‍ത്തുമണക്കുന്നു പോലുമില്ലല്ലോ. അച്ചുതണ്ടിനു ചുറ്റുമുള്ള ഈ കറക്കം എപ്പോഴോ നിശ്ചലമായതും മറ്റും അവള്‍ അറിഞ്ഞുകാണണമെന്നില്ല. ഉപമകള്‍ വല്ലാത്തൊരു ആസക്തിയോടെ ചുറ്റും കറങ്ങുന്നതുമെന്നും. അതിനെ എന്തിനോടുപമിക്കും എന്ന ആലോചനയിലാവും ഉറ്റുനോക്കിക്കൊണ്ടിരുന്നലോകം.

***********************

വി. ജയദേവ്.
**********************

2 comments:

...പകല്‍കിനാവന്‍...daYdreamEr... said...

പ്രലോഭനങ്ങള്‍ക്കിടയില്‍ അവള്‍ പിണങ്ങും: നിന്‍റെ ഉപമകളത്രയും തേഞ്ഞത്, അവയൊന്നു വിയര്‍ത്തുമണക്കുന്നു പോലുമില്ലല്ലോ.

ഒത്തിരി ഇഷ്ടമായി..

ദിനേശന്‍ വരിക്കോളി said...

''ജീവിതത്തെ നിങ്ങളെന്താണിനിയും അനുകരിച്ചുതുടങ്ങാത്തതെന്ന് അവള്‍ പിന്‍സീറ്റിലിരുന്നു ചോദിക്കുമായിരുന്നു. ഞങ്ങളപ്പോള്‍, മരണത്തിന്‍റെ അടിവയറ്റില്‍നിന്നു നീല ഞരമ്പില്‍ പിടിച്ചു മുകളിലേക്കു കയറുകയായിരിക്കും. മുകളിലേക്കൊന്നും നോക്കിപ്പോവരുത്. അവിടെ ലോകം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുകയാവും.''

മലയാള കവിതയില്‍ എന്നും വേറിട്ടു നില്‍ക്കുന്ന കവിത.

ഒരു പക്ഷെ കവിതയെക്കുറിച്ചുള്ള പൊതുബോധം /സങ്കല്‍പങ്ങള്‍ മാറിയിരിക്കുന്നു .. . അന്യഭാഷാകവിതാ വായന നമുക്കു തരുന്ന ഉണര്‍വ്വും മറ്റൊന്നല്ല
കവിത മാറിയിരിക്കുന്നുഇന്ന് അതിന്‍റെ മട്ടിലും ഭാവത്തിലും ... അല്ല മാറ്റം അവിശ്യവുമല്ലെ.. ഏതുരൂപത്തിനും .. .. അന്യഭാഷകവിതകളുമായി കിടപിടിക്കുന്ന ശക്തമായ രചനകള്‍ മലയാളത്തിലുണ്ടാവുന്നു എന്നതിന് വ്യക്തമായ തെളിവാണ് ജയദേവിന്‍റെ വിജയലക്ഷ്മിയുടെ തുടങ്ങി മിക്കവരുടേയൂം രചനകള്‍ ( ഇത്രപറയാന്‍ കാരണം ഒരു വായനക്കരന്‍ മുമ്പത്തേ കവിതയ്ക്ക് ഒരു കുറിപ്പെഴുതിയതായികണ്ടു ഇതും കവിതയോ എന്ന് ? കവിത സത്യത്തില്‍ എന്താണു സുഹൃത്തേ .... കേവലം ഒരു ചട്ടകൂടിനുള്ളില്‍ കവിതയെ നിര്‍ത്തി ഇങ്ങനെമാത്രമേ കവിത എഴുതാവൂ ഇങ്ങനെ എഴുതിയാലെ അതു കവിതയാവൂ എന്ന നിര്‍വ്വചനം കവിത പലപ്പോഴും പൊട്ടിച്ചെറിയും ... സുഹൃത്തേ അതിന്‍റെ ചിറകുകള്‍ അനശ്വരമാവട്ടെ എണ്ണപ്പാടങ്ങളില്‍ അവ കുതിര്‍ന്നുപോവാതെയുമിരിക്കട്ടെ .. നന്ദി വായനക്കാരാ ..
ഒപ്പം ഈ ഹൃദ്യമായ അനുഭവത്തിനു ശ്രീ. ജയദേവിനും ആശംസകള്‍