അങ്ങനെയിരിക്കെ,



അങ്ങനെയിരിക്കെ,
ഉപേക്ഷിച്ചു പോന്നൊരു ഇടം
അനുമതിയൊന്നും കൂടാതെ
മനസ്സില്‍ പൊന്തും

നീറ്റല്‍ മറന്ന സിരയില്‍
ചില സന്ദര്‍ഭങ്ങള്‍ തൂക്കിയിടും
മാംസം തുളഞ്ഞു ചില വേദനകള്‍
ഏങ്ങലടിച്ചു കഴിയുന്നണ്ടവിടെ
ച്ഛെ ! നശിഞ്ഞ ഓര്‍മ്മകള്‍
എന്നൊക്കെ പ്‌രാകി നില്‍ക്കുമ്പോള്‍
മിണ്ടാതെ പടിയിറങ്ങിയിരിക്കും

തിരക്കിട്ടു പായവെ പഴയൊരു സുഗന്ധം
എന്നെ മറന്നില്ലല്ലൊ എന്ന മട്ടില്‍
ചുറ്റും നിറയും
ഇല്ല
ഇത് എന്റെമാത്രമെന്നൊക്കെ
വിചാരിച്ചിരിക്കെ ഉച്ചത്തില്‍ ഹോണ്‍
തെറി,ബഹളം ഒടുവില്‍
ഞാനെന്തായിരുന്നു ഓര്‍ത്തോണ്ടിരുന്നത്
എന്ന് മനസ്സു പരതുമ്പോള്‍
ഓരം പറ്റി
തിരികെ പോവുന്നുണ്ടാവും
ഇനിയും വരാമെന്നുറപ്പില്ലതെ


“സൂര്യ”ബസ്സില്‍ തിക്കിപൊത്തി നില്‍ക്കെ
പാടിമറക്കാത്തൊരീണം
എല്ലാവരെയും തന്നിഷ്ടത്തിന് നായകരാക്കി
താളമിട്ടു
വണ്ടിനിറയുന്നു
ഈണമിട്ട് ചങ്കുനിറയെ
സ്റ്റോപ്പെത്തിയെന്ന ബെല്‍

ശാന്തമായൊരു പ്രഭാതത്തിനു
നന്ദി, എന്നും ഇങ്ങനെ വേണം
എന്നൊക്കെ കരുതി പിന്‍ വാതില്‍‍തുറന്ന്
തൊടിയിലിറങ്ങെ
വാതില്‍ക്കല്‍ തിരക്കിട്ടു മുട്ടുന്നുണ്ടാരൊ
പ്രാണനെന്നു നിനച്ചൊരാളുടെ
ജഡവുമായ്
**************************



അനിത
******

2 comments:

ദിനേശന്‍ വരിക്കോളി said...

എഴുതാനേറെ ഉണ്ടായിരിക്കുകയും
എന്നാല്‍ എഴുതാതിരിക്കുകയും പറയേണ്ടതൊന്നും
പറയാതിരിക്കുകയും ചെയ്യുകയാണ് നമ്മുടെ ശ്രീ എഴുത്തുകാര്‍
അഥവാ ഫെമിനിസം കൊണ്ടാടുന്നവര്‍ ....
ഇതൊരു വ്യത്യസ്ഥത തന്നെയാണ് ...
ഏറ്റുപറയല്‍ മാത്രമല്ല സ്യയം തങ്ങളുടെ വികാരങ്ങളെ
ഏറ്റവും ശക്തവും സൗമ്യവുമായി പങ്കുവെക്കാനും നമുക്ക്
കഴിഞ്ഞേക്കുമെന്ന് അനിതാ തന്പിയും റോസ്മേരിക്കും മീരയും നമുക്ക്
കാണിച്ചു തന്നിട്ടുണ്ട്...
ഈ കവിയത്രിയുടെ ''അങ്ങനെയിരിക്കെ'' എന്നകവിതയും നമ്മോട് പലതും വിളിച്ചു പറയുന്നുണ്ട്

അതെ പലതും കേള്‍ക്കാനാളുണ്ടാവുന്പോള്‍ പറയുന്നതിന് ഒരു സുഖമുണ്ട് അതേപോലെ
തുറന്നുപറച്ചിലിനുമുണ്ട് ഒരു സുഖം .... പ്രിയ കവിയത്രിക്ക് എല്ലാവിധ ആശംസകളും

Jayesh/ജയേഷ് said...

കവിത ഇഷ്ടപ്പെട്ടു...ആശംസകള്‍