കറുപ്പ്‌


കറുപ്പ്‌
ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.
എത്ര മറച്ചാലും പുറത്ത്‌ കാണുന്ന
അടിപ്പാവാടയുടെ തുമ്പിലെ കീറല്‍ പോലെ...

കറുപ്പ്‌ ഒരു മേല്‍ വിലാസമാണ്‌
അത്‌ ചിലപ്പോള്‍‍ഇരുണ്ട
ഭൂഖണ്‌ഠത്തിലേയ്ക്‌ നയിക്കുന്നു.

ചിലപ്പോള്‍ നമ്മെ
വെളുപ്പിച്ച്‌ വെളുപ്പിച്ച്‌
കരുവാളിച്ചുപോയകരിന്തൊലിയിലേയ്ക്‌.

വിളറിയ വെളുപ്പിനെ
വെള്ളക്കച്ച കൊണ്ട്‌
മൂടിയാലുംമരണം കറുപ്പാണ്‌.

കറുപ്പ്‌
കരിങ്കണ്ണായ്‌ കരിനാക്കായ്‌
സ്വൈരം കെടുത്തുന്നു
എന്നാല്‍ കരിങ്കൂവളമായ്‌
കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്‌
പ്രണയിക്കുന്നില്ല.

കറുപ്പില്‍ ചുരുട്ടിയ ഒരു മുഷ്ടി ഉണ്ട്‌,
ജമൈക്കയില്‍നിന്നുള്ള *വിലാപമുണ്ട്‌,
തൊലിയില്‍ മുറുകുന്ന ചങ്ങലയുടെ നീറ്റലുണ്ട്‌.

എങ്കിലും കറുപ്പ്‌
പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌
ഉണ്‍മയെന്നും
വെളിച്ചം
അധിനിവേശമാണെന്നും.


ടി. വിനോദ് കുമാര്‍

1 comment:

ദിനേശന്‍ വരിക്കോളി said...

''കറുപ്പ്‌

ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.

വ്യത്യസ്ഥമായ വരികള്‍ ...

സസ്നേഹം