മുറ്റത്തു വാടിക്കുഴഞ്ഞു കിടക്കുമീ
മുല്ലച്ചെടിയ്ക്കുണ്ടു ചെല്ലാന്‍
ഓര്‍മ്മിച്ചണച്ചു മണക്കുവാനായിരം
പൂമൊട്ടു നല്‍കിയതല്ലെ?
രാവേറെ വൈകാതെ
സന്ധ്യയ്ക്കു മുമ്പുഞാന്‍
പൂക്കള്‍ വിടര്‍ത്തിയതല്ലെ
കത്തുന്ന വേനല്‍ മുറിച്ചു കടക്കുവാന്‍
ഏകീലേയല്‍പം തണലും
ഇറ്റിറ്റു വീഴുന്നയാമഴത്തുള്ളിയില്‍
ചിന്നിത്തെറിക്കുന്ന പൂഴി
തട്ടിത്തെറിപ്പിച്ചു ദൂരത്തു വീഴ്ത്താതെ -
നല്‍കീലേയല്‍പസുഗന്ധം
എന്നിട്ടുമെന്തിനാണീങ്ങനീപ്പുമരം
വെട്ടിയടര്‍ത്തിയകറ്റി?
വെട്ടേറ്റു വീണുകിടക്കും കിളിമരം
പൊട്ടിത്തകര്‍ന്നയെന്‍സ്വപ്നം
ചുറ്റിപ്പിണഞ്ഞു കിടന്നു ഞാന്‍ നല്ലയീ-
ക്കിളിമരക്കൊമ്പു നിറയെ
താഴത്തു വീഴാതെ കൊമ്പോടടുപ്പിച്ച്
താങ്ങിപ്പിടിച്ചെത്ര നിര്‍ത്തി.
രാവിന്‍റെ നീലപ്പുതപ്പിലൊത്തിരി
ചൊല്ലിയിരുന്നേറെ വൈകും
എങ്കിലുമിത്തിരി ചൊല്ലുവാനെപ്പൊഴും
നാളേയ്ക്കു വെയ്ക്കുമെന്നെന്നും
ഇനിയില്ലയൊന്നിച്ചിരിക്കാന്‍ പകലുകള്‍;
ഒരുകുറ്റിമുല്ലയായ് , പിണയാതെ പടരാതെ
ചെറുമുറിക്കുള്ളിലൊതുക്കാം.
വെള്ളച്ചുമരുകള്‍ വസ്ത്രങ്ങളാക്കിയെന്‍
പച്ചപ്പും മെല്ലെ മറയ്ക്കാം.
***********************
സിന്ധുസുരേഷ്.
*********************
7 comments:
വാടിതളർന്നിളവേൽക്കുവാൻ നീയൊരു
പൂന്തണൽ തിരയുകയായിരുന്നോ??
നല്ല കവിത...
ആഹാ...
എത്രകാലമായി ബ്ലോഗില്‍ ഇതുപോലെയൊരു കവിതകണ്ടിട്ട്... മനസ്സൊന്നു തളിത്തു
ആശംസകള്‍
പ്രിയ സിന്ധു സുരേഷ്..പ്രണയത്തിന്‍റെ നറുമണം തുളുമ്പുന്ന കവിത..
മനോഹരം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് ഇനിയും മികവുറ്റകവിതകള്‍ ഉണ്ടാവട്ടെ
ഇന്ദ്രപ്രസ്ഥം കവിതയോട് നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിനും നന്ദി..
പ്രിയ കാവാലം നിങ്ങള്‍ക്കും സ്വാഗതം.
സസ്നേഹം.
പ്രിയ കാവാലം ..ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സ്വാഗതം.
സസ്നേഹം.
ലളിതം മനോഹരം ......, ഇനിയും ഇനിയും എഴുതുക.
മനോഹരമായ ഒരു കവിത
ജീവനുള്ള കവിതയെന്ന് തിരുത്താം
അഭിപ്രായം ഇനിയും എഴുതുക.....
നന്ദി..
Post a Comment