വികൃതാക്ഷരങ്ങള്‍

മറുകരകാണാത്ത
ബോധത്തിന്റെ വക്കിലുടെ
വഴുക്കിയൊരു യാത്ര.

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;

പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.

പൊടിപറത്തിയ
ബസ്സിന്റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും.

നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.

വിരിച്ച
കീറത്തുണിയില്‍
ചിതറിവീണ നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;

ഇടറോഡിന്റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്

വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്റെ ഒലിച്ചു പോക്ക്‌

ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!

വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.
******************

സി.പി.ദിനേശ്
***************

3 comments:

മഷിത്തണ്ട് said...

വികൃതാക്ഷരങ്ങളുടെ കവിതാ സഞ്ചാരം നന്നായി ...
കണ്ണുകളെ തുറപ്പിച്ചും അടഞ്ഞ കണ്ണുകളില്‍ മുട്ടിവിളിച്ചും
അങ്ങനെ...അങ്ങനെ ഒരു നീണ്ട നിര കാത്തു നില്പുണ്ട്
ഉള്ളിലും പുറത്തും ,അവസരം കാത്തു ...

Thallasseri said...

അക്ഷരായനത്തില്‍ ചില നുറുങ്ങ്‌ സത്യങ്ങള്‍. നല്ല അനുഭവം.

മനോഹര്‍ മാണിക്കത്ത് said...

നമ്മള്‍ കാണുന്ന ചില വികൃതാക്ഷരങ്ങള്‍
കണ്ടിട്ടും കാണാതെ നടക്കുന്ന ചില സത്യങ്ങള്‍
നന്നായി സുഹൃത്തെ ഈ എഴുത്ത്