നടി


അഭിനയിക്കുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല

ജീവിക്കണമെന്നു മാത്രം സ്വപ്നം കണ്ടു

മൊട്ടുകമ്മലുമാറ്റാനും മൂക്കിത്തിപുതുക്കാനും
ഒരുജോലിയെന്നേ കരുതിയുള്ളു
തുണിക്കടയിൽ പുതുമണങ്ങളിൽ
തന്നെ പ്രതിഷ്ഠിച്ചു.

ഇടയിലെപ്പൊഴൊ ഒരു മണം
അവളെ പിന്തുടർന്നു
പുതുപ്പണത്തിന്റെ കൊഴുപ്പ്
പിടിച്ചടക്കാനുള്ള കുതിപ്പ്
കിന്നാരം,പൊന്നാരംപറഞ്ഞവൻ
നെഞ്ഞിൽ കയറി
ഓർമ്മയ്ക്കെന്നു പറഞ്ഞു അപ്പാടെ പകർത്തി
മുഖത്ത് ഛായം തേച്ചിട്ടില്ല
ഒരു സീനിലും അഭിനയിച്ചിട്ടില്ല
ഗ്ലിസറിൻ എന്നു കേട്ടിട്ടുപോലുമില്ല
കമ്പ്യൂട്ടർ ഉപയോഗിക്കാറുമില്ല.
അവനായ്
ഒരിക്കൽമാത്രം
തൊടുമ്പോഴൊക്കെ ഇക്കിളി-
കൊണ്ടെതിർത്ത
‘ഗ്രാമീണപെൺകൊടി‘
നെറ്റിലെ
ഏറ്റവും വലിയ നടിയാണ്

തകർത്തഭിനയിച്ചത്
അവസാനരംഗത്തിലാണ്
കാഞ്ഞിരമ്പാറയിൽ നിന്നും
താഴെക്കൊരു ചാട്ടം
മരങ്ങളൊക്കെ
അരുതുമോളെ എന്നുപറഞ്ഞ്
കൈകളുയർത്തിതടഞ്ഞു
വസ്ത്രങ്ങളൊക്കെ മരച്ചില്ലകൾക്കേകി
പിറന്നപടി താഴെ നുറുങ്ങികിടന്നു
സീൻ മഹസ്സറെഴുതുന്നതിനിടയിൽ
ആരോ പറഞ്ഞു
‘ഉപയോഗിച്ചുടഞ്ഞുപോയ്‘
********






സംവിദാനന്ദ്
**************

9 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സാമീ,
പൊള്ളിപ്പോയല്ലോ.. ഗ്രേറ്റ്‌.

മനോഹര്‍ മാണിക്കത്ത് said...

തകര്‍പ്പന്‍
ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍..

Vinodkumar Thallasseri said...

നല്ല കവിത. അല്ല ജീവിതം തന്നെ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉപയോഗിച്ചുടഞ്ഞുപോയ്,
ഹോ

സെറീന said...

ഉയരത്തില്‍ നിന്ന് കാല്‍ തെന്നി താഴേയ്ക്കു..
ചിതറി.

Deepa Bijo Alexander said...

നീറി നീറി നോവുന്നു...

ബിഗു said...

സമകാലീന സം ഭവങ്ങളെ തീഷ്ണതയോടെ കോറിയിട്ടിരിക്കുന്നു. എന്റെ ഭാവുകങ്ങള്‍

Jayesh/ജയേഷ് said...

സ്വാമീ, തകര്‍ത്തു കളഞ്ഞു ട്ടോ..

Mohamed Salahudheen said...

സത്യമായും പൊള്ളി