ആത്മഗതങ്ങള്‍



നിന്നിലേക്കു നടന്നെത്താന്‍
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍
എന്നിട്ടുമെങ്ങും എത്തുന്നുമില്ല
കണക്കിലെയോരോ വിരോധാഭാസങ്ങള്‍

വെറുംയാത്രയുടെ സാരമില്ലായ്മയല്ല
മടക്കത്തിന്റെ ഭയാനകതയാണ്
ആരവപ്പെടുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല
മൌനവൃതത്തിലിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്

അനസ്തേഷ്യയില്ലാതെ
പച്ചമുറിവിലേക്ക് കത്തി അമര്‍ത്തുന്നു സൌഹൃദങ്ങള്‍
മന്ത്രവാദിയുടെ കയ്യില്‍ പിരിഞ്ഞ് വേര്‍പെടുന്ന
കോഴിത്തലയാണു പ്രാണന്‍
കൂടു വിട്ടോടുവാന്‍ കുതിച്ചിട്ടും വിജയിക്കുന്നില്ല

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്‍
ശരീരം തൂങ്ങിയാടുന്നു.

സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്‍
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്‍‍ദ്ദിക്കപ്പെടാം,
വേണമെങ്കില്‍ ‍ സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്‍ക്കാത്ത മാതിരി

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.

ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം

ആരുടെ ആരാണു ഞാനിപ്പോള്‍‍ ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം

ഏതൊക്കെ ഋതുക്കളാണ് ജീവിതത്തിനെന്ന്
തിരിച്ചറിയാന്‍
പിരിയേണ്ടി വരുന്നുവെന്നത്
പിന്നേയും സുഖം.

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു.
********









ദേവസേന

15 comments:

Jayesh/ജയേഷ് said...

ആരുടേയും ആരുമല്ലാതായിരിക്കുന്നതാണ്‌ സുഖം . അങ്ങിനെയാകാന്‍ പറ്റുമോ? ആരുടേയുമല്ലെങ്കിലും നമ്മള്‍ നമ്മുടേതെങ്കിലുമല്ലേ!

കവിത ഇഷ്ടപ്പെട്ടു, ഒന്ന് കൂടി കാച്ചിക്കുറുക്കിയെങ്കില്‍ എന്ന തോന്നലും ..

നന്ദി

ബിഗു said...

"ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം"

Nice Keep it up

കറുത്തേടം said...

"ആരുടെ ആരാണു ഞാനിപ്പോള്‍‍ ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം" - സുഖവും ദുഖവും മിത്യയാണ്. ഒരാളുടെ ദുഃഖം മറ്റൊരാള്‍ക്ക് ആനന്ദം. പച്ചയായ സത്യം. നല്ല കവിത. ആശംസകള്‍..

Venu said...

വളരെ നന്നായിരിക്കുന്നു ... കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു...
സസ്നേഹം
വേണു

Unknown said...

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു.


ഇതു സത്യം..നമ്മള്‍ പ്രവാസികള്‍ ഫോണില്‍ സുഖം എന്ന് പറഞ്ഞാലും
സത്യം ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.... നല്ല ആശയം, നല്ല ഭാഷ ,
കുറച്ചു കട്ടി കുറച്ചു എഴുതാം...

ജോളി സ്റ്റീഫന്‍

aneeshans said...

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു.

ഇതു മാത്രമാണെങ്കിലും കവിത തന്നെ.

Melethil said...

നല്ല കവിത !

രാജേഷ്‌ ചിത്തിര said...

വളരെ നന്നായിരിക്കുന്നു

ഷാജി അമ്പലത്ത് said...

നല്ല കവിത

ദിനേശന്‍ വരിക്കോളി said...

പ്രവാസം ദു:ഖകരവും ഏകാന്തവുമായ വഴികളെ
എഴുത്തിലൂടെ / കഥയിലൂടെ ... ജീവിതത്തോട്
അടുത്തുനില്‍ക്കാന്‍ നമ്മുടെ മുന്‍തലമുറ
നമുക്ക് ‍ വിളക്കായുണ്ട്... ടി. വി. കൊച്ചുബാവ,
(അകാലത്തില്‍ എന്നോ പറന്നുപ്പോയ ഒരു പക്ഷി..)
ഇപ്പൊഴും കവിതയിലൂടെ/ കഥയിലൂടെ ഉറക്കത്തിലും
നമ്മെ നൊമ്പരപ്പെടുത്തുന്ന ''ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണുമായ്'''
പൊയ്ത്തുംകടവില്‍ തെളിഞ്ഞും മാഞ്ഞും നമ്മള്‍ക്കിടയിലുണ്ട്....
പിന്നെ ഡല്‍ഹി തന്ന ഓര്മ്മകള്‍ ..
കുറേ നല്ല കൂട്ടുകെട്ടുകള്‍..
എന്തോ എന്തൊക്കെയോ പറയാന്‍ തോന്നുന്നു..അതിലേറെ എഴുതാനും
(പക്ഷെ ഈ നണുപ്പ്
ഓര്‍മ്മകളെ മരവിപ്പിക്കുന്നു.
സ്വപ്നങ്ങളെ എവിടെയോ
പുതപ്പീനുള്ളിലേയ്ക്ക് ആവാഹിക്കുന്നു..- ഡെല്‍ഹി )

ഇവിടെ ഇത്രയും പറയാന്‍ കാരണം ദേവസേനയുടെ കവിത വായിച്ചപ്പോള്‍
പ്രവാസം നമ്മെ നമ്മളിലേയ്ക്ക് അടുപ്പിക്കുന്ന ഒരു
പാലം കവിതയില്‍ കൊണ്ടുവരുന്നു കവിയത്രി...
എന്ന് പറയാതിരിക്കാന്‍ വയ്യ.
''സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്‍
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്‍‍ദ്ദിക്കപ്പെടാം,
വേണമെങ്കില്‍ ‍ സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്‍ക്കാത്ത മാതിരി
ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.''

കവി വീരാന്‍ കുട്ടി
ഒരിക്കല്‍ എനിക്കെഴുതി.
(പിന്നീട് അദ്ദേഹത്തിന്‍റെ കവിതയിലും)

''ഭൂമിക്കടിയില്‍ വേരുകള്‍കൊണ്ട്
കെട്ടിപ്പിടിക്കുന്നു.
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ടമരങ്ങള്‍'' എന്ന് എത്ര ശരി.

ദേവസേനയുടെ കവിതയും ജീവിതവും
വേറൊന്നല്ല;
പ്രവാസം അതിന്‍റെ ഫോസിലിനുള്ളില്‍
എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്
ആഖനിവിലാസം തേടി നമുക്ക് യാത്ര പോകാം
പ്രിയ കവിയത്രിക്ക് എല്ലാ ഭാവുകങ്ങളും‍....

kureeppuzhasreekumar said...

തീവ്രതയുള്ള ഒരു കവിത തന്നതിന് ദേവസേനക്ക് നന്ദി.

Vinodkumar Thallasseri said...

കവിത നന്നായിരിക്കുന്നു. ജയേഷ്‌ പറഞ്ഞതുപോലെ ഒന്നു കൂടി കുറുക്കാമായിരുന്നില്ലേ?

anumod said...

സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്‍
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്‍‍ദ്ദിക്കപ്പെടാം,
വേണമെങ്കില്‍ ‍ സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്‍ക്കാത്ത മാതിരി

എവിടെയോക്കയോ തനിയെ പറഞ്ഞ വാക്കുകള്‍,,ചുരുക്കത്തില്‍ ഹൃദയസ്പര്‍ശി

sindhu said...

മനോഹരം ഈ കവിത.......

Unknown said...

ജീവിതത്തിന്റെ യാഥാര്‍ത്യം...