നമ്മള്‍

എത്രയകന്നുപോയ് നമ്മളിരുവരും
എന്‍ ജീവിതത്തിലെ കൂട്ടുകാരാ
എങ്കിലുമൊരുകൂരതന്നിലണയുന്നു
തമ്മിലിടയാതെ ഇന്നുമൊന്നായ്

എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിതിങ്ങനെ
നമ്മുടെ ജീവിതയാത്രയിങ്കല്‍
മിണ്ടാട്ടമില്ലാതെ, കളിചിരിയില്ലാതെ
പെരുവഴി തന്നിലെ പാന്ഥരെ പോല്‍

ഭോഗങ്ങളെല്ലാം തനിയെ ഭജിച്ചുനീ
ദു:ഖത്തിലെന്നെയും പങ്കാളിയാക്കിയും
എന്നിട്ടുമേതോഅപരിചിതയെന്നപോലാ
ശങ്കയാല്‍മാത്രം നീ നോക്കിനിന്നു.

എന്‍
ഹൃദയത്തുടി നിസ്വനം കേള്‍പ്പതി,ല്ലെന്നിലെ
നൊന്പരപ്പൂക്കള്‍ നിന്‍ അന്തരംഗത്തേയുലച്ചതില്ല.
വാചാലയെങ്കിലും മൂകഞാന്‍ -
അത്രമേല്‍ അന്ധയും ബധിരയുമെന്നപോല്‍
നിന്‍മനോരഥമെങ്ങുചലിക്കുന്നു
എങ്കിലുമജ്ഞയാം ഞാന്‍തനിച്ചാവിലും -
സുഖദുഃഖജീവിതതോണിയിലപ്പൊഴൊ-
രജ്ഞാതബിന്ദുവാലേതോ
അദൃശ്യകരലാളനത്തിനാൽ‌
ഒഴുകുന്നു,
നമ്മുടെ ജീവിതം.

______________________
മീനാ രാധാകൃഷ്ണന്‍
സെക്ടര്‍ ‍- 57, ഗുഡ്ഗാവ് , ഹരിയാന
******************************
മൗന ദു:ഖം

ഓര്‍ക്കുന്നോ ശാന്തെ ഈ കളിത്തോഴിയെ
ഓണമല്ലെ ഇന്നുത്രാടരാത്രിയല്ലെ..........
ഓര്‍മകള്‍ ചെപ്പുതുറക്കുന്നു, വ്യഥയാലെ
ഓര്‍ക്കട്ടെ, നമ്മുടെ ബാല്യം.
ഓണപ്പൂക്കളം തീര്‍ക്കാനോടി നടന്നതും
കോടിയുടുത്തുഞ്ഞാലാടി രസിച്ചതും
കേളികള്‍ , കുസൃതികളെത്രയൊപ്പിച്ചുനാം
മായാത്ത വാടാ മലരുമായ്...

ഊണു കഴിഞ്ഞു കൈകൊട്ടിക്കളിയു ടെ
ശീലുകള്‍ തേടിയും നാമലഞ്ഞു
കോടിക്കുപ്പായവും
കുപ്പിവളകളും
ചന്തത്തില്‍ മണ്ണാത്തി പ്പെണ്ണുങ്ങളും
കോതയും ചീമയും ജാനുവും രാധയും
കൂട്ടത്തില്‍ നമ്മളും താളമിട്ടു
നായാടിക്കുന്നിന്‍റെ തഴ്വരയില്‍നിന്നു
മാര്‍പ്പുവിളികളുകേള്‍ക്കുന്നുണ്ടോ
നാമോടി യെത്തുന്നു പുരുഷ പക്ഷത്തിന്‍റെ
കൈയ്യാങ്കളികള്‍ക്കു സാക്ഷിയാവാന്‍


മണ്ണാല്‍ പ്രതീഷ്ടിച്ച മാവേലിതന്പ്രാന്ന-
രിമാവിനലൊരു ചുട്ടിക്കുത്ത്
മണ്ണുണ്ണിയരമണി തൃക്കാക്കരപ്പന്നു -
പൂക്കളുകൊണ്ടൊരര്ങ്ങൊരുക്ക് ...
തുന്പയും തുന്പിയുംതൊട്ടാവാടയും
കിന്നാരം ചൊല്ലുന്ന കുട്ടിക്കാലം
തുള്ളിക്കളിച്ചുകൊണ്ടോടി നടന്നൊര -
ല്ലലില്ലാത്ത സുവര്‍ണ്ണകാലം....


അന്ന്യമായെല്ലോയിതെല്ലാമെന്നേക്കുമായ്
ശാന്തെ , ഈ ഞാനല്ലോ ഭാഗ്യദോഷി ....
ധന്യരായച്ഛനുമമ്മയും കാരണം മറുനാട്ടില്‍
മകളു സകുടുംബം ...

കോണ്ക്രീറ്റു ഭവനത്തിലൊതുങ്ങട്ടെ ജീവിതം
കൂട്ടിലടച്ച കിളിയെ പോലെ ..
കേബിളില്‍ കാണട്ടെ കോണക്കളികളു -
ഗദ്ഗദത്തോടു കൂടിയീഞാനും .....

നിയോണ്‍ പൂ വിരിയുന്നയോണ്‍ചില്ലകളി -
ലത്തപ്പൂവിറുക്കട്ടെയിനി ഞാനും .....
ഓലക്കുടയും പിടിച്ചവനൊത്തുകിലോര്‍-
ത്തു പറയണ മെന്‍റെ കാര്യം ...

പലവര്‍ഷമായി ഞാന്‍ കാത്തിരിക്കുന്നി -
വിടെത്തിയില്ലല്ലോ മാവേലി .....
തൂശനിലയില്ലാതെ ഞാന്‍ ശാന്തെ ....
തുന്പപ്പൂച്ചോറു വിളന്പിക്കോട്ടെ ....

**************************
ശശി . കെ . ഒറ്റപ്പാലം
***************************

No comments: