ഗുരു










വ്യഥിതമൊരു ഹൃദയമതിലിഴപിരിയുമോര്‍മ്മയായ്
ചകിതവനവിജനപന്ഥാവില്‍ സ്ഫുലിംഗമായ്
ജ്വലിതകഥനം പൂണ്ട വിസ്മയാംശങ്ങളായ്
അനഘമയ ദീപ്ത പ്രസാദ പ്രതിഷ്ഠയായ്

ജടഭരിത മൌനതപോവനശ്യാമമായ്
ഘടിതജലബിംബസ്സമസ്യാസകേതമായ്
വ്രണിത തീര്‍ത്ഥാടന മന്ത്രവ്യാമുഗ്ദ്ധമായ്
കണികകളിലുറജ്ഞാത്മ ബിന്ദു പ്രകര്‍ഷമായ്

അറിവുമറിയാത്തതുമറിയുന്ന രൂപമായ്
അതിതരളമതിലളിതമന്തരഹന്തയായ്
ഭ്രമരമതിവിഭ്രമശ്ചിന്താവിശുദ്ധിയായ്
ചിരപരിചിതം പോലുമകലും സുഷുപ്തിയായ്

ഇനിയെവിടെയിനിയെത്രയെന്നൊരുല്‍ക്കണ്ഠയായ്
ബധിരാന്ധദുഃഖജ്ജഢീഭൂതമൂകമായ്
പദപഥനമിടറുമ്പൊഴൊരു തരിസ്പര്‍ശമായ്
വരുമിനിയും വരുമെന്നേ കഥിക്കയായ്.










എഴുത്താണികള്‍








എഴുത്താണികള്‍ വീട്ടില്‍
മച്ചിലെ മാറാലകള്‍-
ക്കിടയില്‍, എഴുത്തോല
കൂട്ടിനുണ്ടൊപ്പം ചാരെ ,
ഏതോ ഗ്രഹത്തില്‍ നിന്നും
വഴിതെറ്റി വന്നപോ-
ലന്യരാ, യനാഥരാ-
യഭി ശക്തരായ്ക്കോണില്‍
അക്ഷരങ്ങളുണ്ടതി-
ലുറുമ്പുകളെപ്പോലെ
നോക്കി വായിക്കാന്‍ പണി-
പ്പെടുമെന്‍ വൃഥാ ശ്രമം
എഴുത്താണികളൊരു
കാലത്തിന്‍ സന്ദേശകര്‍
അക്ഷരങ്ങളെക്കൊത്തി
യെടുത്ത വിശാരദര്‍
ആണിയെ വാക്കായ് മാറ്റി-
യക്ഷരങ്ങളായ് മാറ്റി
അനശ്വരതയിലേ-
ക്കാവാഹിച്ചെടുത്തപ്പോള്‍,
ആണികളണയാത്ത
കനലായ് ജ്വലിച്ചാഴ്ന്നു
കയറിയിട്ടുണ്ടാവാ-
മെഴുത്തോലകള്‍ക്കുള്ളില്‍
ആണിയാല്‍ വാക്കിന്നുള്ളില്‍
നിണപ്പാടുകള്‍ വീണു
വ്രണിത വിലാപമായ്
വീര്‍പ്പടക്കിയ കാലം
ശിരസ്സില്‍, നെറുകയില്‍,
കൈകളില്‍, കാല്‍പ്പാദത്തി-


ലാണികള്‍ കയറിയൊ-
രോര്‍മ്മകളോലത്താളില്‍,
ആണിതന്‍ കൂര്‍പ്പായുള്ളി-
ലക്ഷരം തറയ്ക്കണ-
മെന്നോര്‍ത്തിരിക്കാമന്നേ
വാക്കിന്റെ പെരും തച്ചര്‍,
അറിഞ്ഞ കാലത്തിനു-
മറിയാക്കാലത്തിനു-
മിടയില്‍ പാലം തീര്‍ത്തൊ-
രാണികള്‍ വിറ കൊള്‍കേ
വായ്മൊഴിയാദ്യം പിന്നെ
എഴുത്താണിയായ്പ്പിന്നെ,
തൂവലായതില്‍പ്പിന്നെ
മഷിയായ്, കീ ബോര്‍ഡായി
വാക്കുകള്‍ പിറക്കുന്നു
താളുകള്‍ മറിയുന്നു
ആണിയും വാക്കും ചേര്‍ന്ന
ബന്ധങ്ങള്‍ പിരിഞ്ഞു പോയ്
മൌനത്തിന്നെഴുത്തോല-
ത്തുണ്ടുകള്‍ പെറുക്കിഞാ-
നോര്‍മ്മയില്‍ വയ്ക്കുമ്പോഴും
വാക്കുകള്‍ ചോദിക്കയായ്

എഴുത്താണികള്‍ വീണ്ടു-
മെഴുതിത്തുടങ്ങുമോ?

..


ഡി. വിജയമോഹന്‍
*****************************************



അനന്തരം,
വി. കെ . മാധവന്‍ കുട്ടിക്ക്






മരിച്ചോന്‍ പോയി പക്ഷെ
മരണവെപ്രാളങ്ങള്‍
ശരിക്കും ഞാന്‍ കണ്ടതു
തിരക്കിനിടയ്ക്കല്ലോ
ഒപ്പത്തിനൊപ്പം പരേതാ-
ത്മാവിന്‍ ജഡമൊപ്പം
സര്‍പ്പക്കണ്ണുകളുള്ള
ക്യാമറാമുഖങ്ങളില്‍
കൃത്യമായ് പ്പതിയുവാന്‍
ചാനലിലോരോന്നിലും
വ്യക്തമായ് സ്വന്തം മോന്ത
പതിയാനുഷ്ണിക്കുവോര്‍
ജഡത്തെക്കവച്ചുവെ-
ച്ചാടിയമാമാങ്കമായ്
നിര്യാണം ചിരിയ്ക്കയാ-
ണെന്‍റെ കണ്മുന്നില്‍ക്രൂരം!
ചാക്കാലയാഘോഷമായ്
ത്തീരുന്ന ദുരന്തത്തില്‍
ചിതയും , ഉചിതവും
ഔചിത്യ വ്യാഖ്യാനവും
കിതപ്പൂ, വിയപ്പൂ, ഹാ!
മൃത്യൂവേ നീയേ സത്യം......

**************************
കൊട്ടാരത്തില്‍ നരേന്ദ്രന്‍
**************************



നല്ല വാക്ക്





നല്ലതുചെയ്യുന്നോര്‍-
ക്കൊത്തു പറയണം
നല്ല വാക്കല്ലോ
നമുക്കെന്നു മുത്തമം.

നല്ലയല്‍‌ക്കാരനെ
കുറ്റപ്പെടുത്താതെ,
നല്ലതു ചെയ്യുവാന്‍
നാം, തന്നെ നോക്കണം

ശണ്ഠയുണ്ടാക്കുവാന്‍
മുന്‍ കൈയ്യെടുക്കല്ലെ,
ശുണ്ടിയെടുക്കാതെ
കാര്യം നടത്തേണം.

മറ്റാര്‍‌ക്കുമൊത്തിരി,
ദു:ഖമേകാതെയും
തെറ്റിനെ തെറ്റെന്നു
ചൂണ്ടിപ്പറയേണം.

എന്തിനോവേണ്ടി നാം
എന്തൊക്കെ ചെയ്താലും
തന്നിഷ്ടമൊന്നിനായ്
വാശിയും നന്നല്ല.
******************
രാധാകൃഷ്ണന്‍ തഴക്കര.
******************











സര്‍വെയ്‌ലന്‍സ്

//അവ്ന്യു 'എ', ഈസ്റ്റ് വില്ലേജ്, ന്യൂയോര്‍ക്ക് സിറ്റി//

സൂര്യന്റെ സ്നേഹം
ഉരുകിവീണ തെരുവിലൂടെ
ഒരു യുവാവ് ഇണതേടുകയായിരുന്നു

എല്ലില്‍ നിന്നുമിറച്ചി
വേര്‍പെടുവോളം
പ്രണയം അവനെ
ബാധിച്ചിരുന്നു

മഴവില്‍മുടി
സൂര്യനിലേക്ക്
നേര്‍ത്തിരുന്നു
രോമകൂപങ്ങള്‍
പൊട്ടിയൊഴുകുന്ന
പ്രണയത്തിന്റെ പളുങ്കുപുഴ
ഈസ്റ്റ്ഫോര്‍ത്ത് സ്ട്രീറ്റിലെ
അനാര്‍ക്കിസ്റ്റുകളുടെ
സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയില്‍
നിന്നുമടിച്ചുമാറ്റിയ
'മഞ്ഞപ്പുസ്തകം'
മുഖത്തിനും സൂര്യനുമിടയില്‍
"പീനല്‍കോളനി"യെന്ന്
കറുത്തയക്ഷരങ്ങളില്‍ തിളങ്ങി

മഞ്ഞച്ചിരിയുമായ്
പാതയോരത്ത്
പരുങ്ങിനില്‍ക്കുന്ന
ഗിങ്കൊ മരത്തിനും
ഇലപൊഴിച്ചെല്ലിളക്കിയാടുന്ന
മേപ്പിളിന്റെ നഗ്നതക്കും
ചുവപ്പും പച്ചയും
ചിമ്മിക്കളിക്കുന്ന
ട്രാഫിക് പോസ്റ്റിനുമി
ടയില്‍നിന്ന്
ഒളിക്യാമറകള്‍
അവന്റെ നീക്കങ്ങള്‍
പകര്‍ത്തിയിരുന്നു.

കെല്‍വിന്‍ ക്ലൈന്‍
കോര്‍പ്രേറ്റ് മുദ്ര പേറുന്ന
അവന്റെ അണ്ടര്‍വെയറിലാസ്റ്റിക്കിലെ
ജി.പി. എസ്. ചിപ്പ് *
റിക്ടര്‍ സ്കെയിലില്‍
3.9 രേഖപ്പെടുത്താവുന്ന
ഒരധോവായുവേറ്റ് പുളഞ്ഞു
പീനട്ട്ബട്ടറിന്റെ ഗൂഢാലോചന
ഇതൊരു രഹസ്യ ആണവ
പരീക്ഷണമായിക്കൂടെന്നുണ്ടൊ?

അവന്റെ ഇടതുമുലക്കണ്ണില്‍
ചുംബിച്ചു കൊണ്ട് പോക്കറ്റിലുറങ്ങുന്ന
മൊബൈലിലൂടെ
സൈസ്മിക് തരംഗങ്ങള്‍
ഒന്നൊന്നയി ' റ്റാപ് '
ചെയîപ്പെട്ടുകൊണ്ടിരുന്നു.
//ഹോംലാന്‍ഡ് സെക്യൂരിറ്റി :സാറ്റ്ലൈറ്റ് ഇന്‍ഫോര്‍മേഷന്‍ പ്രോസസിങ്ങ് സെന്റര്‍, ഓഫീസ് ക്യൂബ് 29857//

ഉപഗ്രഹക്കണ്ണൂകള്‍
കൊറിച്ചിറക്കിയ
വിവരങ്ങള്‍
ക്ലാസിഫൈഡ് ഫയലുകളിലേക്ക്
കൊഴിച്ചും കിഴിച്ചും
ഇടക്കിടെ സ്പേസ് ബാറില്‍
തന്തവിരലിനാല്‍ത്താളമിട്ടും
തന്റെ ഷിഫ്റ്റവസാനിക്കുന്ന
മിനിട്ടുകളിലേക്ക് ഒരു ജോഡി
ക്ലറിക്കല്‍ക്കണ്ണുകള്‍ കൂര്‍ത്തിരുന്നു
--------------------------------------------------





ജയന്‍ കെ. സി


******************************************************

No comments: