H2O

H2O















ഹൈഡ്രജനും ഓക്സിജനും

ജലഘടകങ്ങള്‍ വിഭജിക്കപ്പെടുന്നു
കെമിസ്ട്രി ക്ലാസില്
‍ഘനം പിടിക്കുന്നു മിഴിപോളകള്‍ക്ക്‌

യഹോവ ആകാശത്ത്‌
കിളിവാതിലുകള്‍ തുറന്നു
ജലപ്രവാഹം താഴേക്ക്‌
നോഹയുടെ പെട്ടകം മുകളിലേക്ക്‌
പ്രളയത്തില്‍ ദുഷ്ടജനം നിഗ്രഹിക്കപ്പെടുന്നു
വയോധിക പുരോഹിതന്‍ ഉപദേശിക്കുന്നു
അപ്പോഴും ഉറക്കം കരിമ്പടം പുതച്ചു കണ്ണില്

‍കേരവൃക്ഷങ്ങള്‍ യാത്ര പറഞ്ഞ്‌
മഹാസമുദ്രങ്ങളുടെ പ്രഹേളികകള്‍ കടന്ന്
കാനല്‍ജലത്തിന്റെ നാട്ടില്
‍കാനല്‍ജലം പിന്നേയും ദൂരെ-




വേവലാതിയുടെ ഉണര്‍ച്ചകളിലേക്ക്‌ എറിയപ്പെട്ട്‌
കണ്ണുകള്‍ മലച്ചു

ഗംഗയും യമുനയും കാവേരിയും
കവിതകളില്‍ മാത്രം നനയുന്നതു കണ്ടു
മഴനനയാത്ത പ്രവാസഭൂമിയില്
‍ഊഷരതയുടെ ജലക്കൂനകള്‍ നിറയുന്നു

അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
പുഴകള്‍ ക്ഷീണിച്ച്‌ അരുവികളായി
പിങ്കു താളുകളില്‍, മഴനൂലുകളായെത്തുന്ന
അനുജത്തിയെന്ന പനിനീരരുവി

കൈകുടന്ന പാതികോരി മുഖമൊന്നു കുടഞ്ഞാല്‍
പിണങ്ങുന്ന,
മുങ്ങിനിവരാന്‍ കൊതിയായിട്ടും
ഉപേക്ഷിക്കേണ്ടി വന്ന മോഹാരുവി
(അതിവിടെ അപ്രസക്തം)

ദുര്‍സ്വപ്നമുണര്‍ത്തിയ രാവിന്റെ
തളര്‍ന്നയാമത്തിലെപ്പോഴോ
കഠിനമായ വരണ്ട ദാഹത്തിനു
അടുക്കള പരതവേ
പെപ്സി മിരാണ്ടാ വോഡ്ഗാ സോഡ എല്ലാം സുലഭം
അല്‍പം ജലകണികയെവിടെയുമില്ല

ഞാനിവിടെ പ്രവാസത്തിലാണു


ദേവസേന

No comments: