നൃത്തംകോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബ‍ഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു

ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു

ഞാനോ ? എനിക്ക് പേരില്ല

പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്

നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ

ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്

മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട

ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു

ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്

ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്

ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല

മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല

പന്ത്,പന്ത്,പന്ത് മാത്രം

അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു

ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍

പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി

കുഴൂര്‍ വിത്സണ്‍########################################################
*****************************************************പരിഭാഷ


പണ്ടെന്നോ മറന്ന ഒരു ചെടി
ഇന്നു ഞാന്‍ കണ്ടു
പരിചയം തോന്നിയിട്ടാവും
കൊത്തുപണികളുള്ള
കള്ളിച്ചെടികള്‍ക്കിടയില്‍നിന്ന്
വിസയില്ലാത്ത പണിക്കാരനെപ്പോലെ
പരിഭ്രമത്തോടെ തലനീട്ടി
എന്തോ പറയുവാനാഞ്ഞു

അതിന്റെ നിറം പോയ പൂക്കളില്‍
കറുത്ത ചിറകുള്ള ഒരോണത്തുമ്പിയെ
സങ്കല്‍പ്പിക്കുവാന്‍ തോന്നി
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?

നാലു പതിറ്റാണ്ടായ്
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നാടേത് വീടേതെന്നറിയില്ല!
എന്ന് ചിരിക്കുന്ന
പാക്കിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന്‍ തൊഴിലാളിയോ
ഇതുപോലെ എങ്ങോട്ടെങ്കിലും
നിന്നെ കൊണ്ടുപോകുന്നുണ്ടോ
എന്നു ചോദിച്ചാല്‍ എന്തു പറയും?

ഞാനതിനെ മൈന്റു ചെയ്തില്ല

പറമ്പുനിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ചു ചോദിച്ചാലോ?
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ

മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്
ചെരിപ്പിടാതെ ചവിട്ടുംപോലെ
എന്റെ ഉടലൊന്നു കുളിര്‍ന്നു

നിലംതല്ലി വന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളില്‍നിന്ന്
അത് കറുത്ത വിത്തുകള്‍ തെറിപ്പിച്ചു
വിത്തുകള്‍ പെറുക്കുമ്പോള്‍
എനിയ്ക്കു മനസ്സിലായി
എന്താണ് ആ ചെടിയ്ക്കു
പറയുവാനുണ്ടായിരുന്നതെന്ന്!

ടി.പി. അനില്‍കുമാര്‍
################################################################


വട്ട്
"വട്ടെനിക്കില്ല, നിങ്ങള്‍ക്കാ"
ഏതോ ഒരു വട്ടന്‍ വട്ട് വെളിവാക്കുന്നു.

എഴുപത്തിയാറു സമദൂര വരകളുള്ള തന്‍റെ
ജീവിത സ്കെയില്‍ കൊണ്ടാളന്നേക്കാം
വട്ടന്‍റെ വാക്കുകളുടെ ആഴം.

വട്ടന്‍മാര്‍വാഴ്ത്തപ്പെട്ടചരിത്രമുണ്ടല്ലോ,
സോക്രട്ടീസില്‍ തുടങ്ങി, നീത്ഷേയിലൂടെ,
നാറാണത്തു ഭ്രാന്തനിലെത്തിയ ചരിത്രം.

ഒന്നാം വരയെല്ലിച്ച്, ഖദറുടുത്ത്,
ഉപ്പെടുത്ത കറുത്ത കരങ്ങള്‍ പോലെ
തീരെ തെളിച്ചമില്ലാതെ ആദ്യവരകള്‍.

തിളങ്ങുന്നപതിനേഴാം വരയില്‍
സ്വതന്ത്രമായ സ്വപ്നങ്ങളെ
മൊട്ടുസൂചികളുടെ കുരിശിലേറ്റി,
നെടുകെ കീറി
കരളിന്‍റെ പച്ചയും
ഹൃദയത്തിന്‍റെ ചോപ്പും
വേര്‍തിരിച്ചടയാളപ്പെടുത്തി.

പരീക്ഷണങ്ങള്‍ക്കൊടുവില്‍ നേടിയതോ?
ബാങ്കില്‍ നോട്ടെണ്ണുന്ന പണി.
തന്‍റേതല്ലാത്ത നോട്ടുകള്‍
കാര്‍ന്നു തിന്ന വരകള്‍
ഇടയിലെവിടെയോ ഒളിഞ്ഞും
തെളിഞ്ഞും മോഹിനി കയറിവന്ന വര
മോഹങ്ങള്‍ പൂത്തമണം
അടിവയര്‍ കീറിവന്ന തല
സ്നേഹത്തിന്‍റെ ഉടല്‍

പശുവിനോടുള്ളസ്നേഹം
മച്ചിയെന്നറിയുമ്പോള്‍
അറവുകാരനോടാകുന്നു
യഥാര്‍ത്ഥസ്നേഹം!

വൃദ്ധസദനത്തിന്‍റെ
ഒഴിഞ്ഞ കോണിലിരുന്ന് സ്കെയിലില്‍
എഴുപത്തിയേഴാം വരകോറുമ്പോള്‍
കണ്ണീരിന്‍റെ ശബ്ദം വിറച്ചു-
"ശരിയാ, എന്നോളം വട്ട് നിനക്കില്ലാ ...


******************************
ജിതേന്ദ്രകുമാര്‍
ന്യൂഡെല്‍ഹി.
******************************

,