എല്ലാവരും മരിക്കുന്നില്ല

ഏതോ ശവഘോഷയാത്രയില്‍
പരസ്പരം കണ്ടുമുട്ടിയവര്‍
നമ്മള്‍, നമുക്കു പരസ്പരം പറയാന്‍
എന്തിരിക്കുന്നു വേറെ ? വെറും
ജഡങ്ങളെക്കുറിച്ചല്ലാതെ.


അനാഥമേതോ കുഞ്ഞിന്‍റെ
ജഡമേറ്റുവാങ്ങാന്‍
മോര്‍ച്ചറിപ്പരിസരത്തു നമ്മള്‍
ജീവിതകാലമത്രയുമിങ്ങനെ.
നമുക്കു പിറക്കാതെ പോയവന്‍.

ഓര്‍മ്മയുടെ മുജ്ജ്ന്മങ്ങളിലെന്നോ വന്നുപിറന്നവന്‍.


ശവഘോഷയാത്രയില്‍
പതം പറഞ്ഞു കരഞ്ഞു
വിലപേശിവാങ്ങുന്ന വിലകെട്ട
നാണയത്തുട്ടുകളുടെ
പൊള്ളച്ചിരി മാത്രം അവന്.
പങ്കുവച്ച പരാതികള്‍ മാത്രം നമുക്കും.
ജഡങ്ങളുടെ കൂട്ടിരിപ്പുകാര്‍ക്കി -
നിയെന്തു വേണം
ഓര്‍ത്തോര്‍ത്തുവയ്ക്കാന്‍?


ആണ്ടുവലികള്‍, പുറമെ മാത്രം
വിതുന്പുന്ന് ഓര്‍മദിനങ്ങള്‍
സ്മരണകള്‍, സ്മാരകങ്ങള്‍
അഗതികള്‍ക്ക് അന്നദാനം.

മുന്‍വരിയില്‍ കൈക്കുന്പിള്‍ നീട്ടി
നമ്മുടെയന്ന, മെന്നുമങ്ങനെ
നമ്മുടെ ജീവിതമെന്നും
പരമദരിദ്രം, യുക്തിഹീനം.

അനാഥകുഞ്ഞിന്‍റെ ബന്ധുത്വം
ചോദിക്കുന്നു മോര്‍ച്ചറിപ്പുസ്തകം.
ഉത്തരം നിര്‍വികാരം, കൊടും മൗനം.
നഗരത്തിനു വെളിയില്‍
അഴുക്കിനും പുറന്പോക്കിനുമപ്പുറം
ഭൂമി പൊക്കിള്‍ക്കൊടി മുറിച്ച
ഈ കുഞ്ഞിനു പട്ടട. അകലെ
കത്തിത്തീരുന്ന നക്ഷത്രത്തില്‍
നിന്നൊരു തീത്തരി....
ഭൂമി പിഴിഞ്ഞൊരു തുള്ളി കണ്ണീര്‍.
മണ്ണു മാന്തികൈകളില്‍ നിന്നു
കടം പറ്റിയ ഇത്തിരി മണ്ണ്.
മതിയാവു, മിത്രയും.

ലോകമിരുളുന്നു, നടക്കാം
തിരക്കൊട്ടുമില്ലതെ.
ഓമനെ, എല്ലാവരും
മരിക്കുന്നില്ല; എന്നും ചുരുക്കം
ചിലര്‍ മാത്രം മരിക്കുന്നു.
**********************
വി. ജയദേവ്
മലയാളമനോരമ.
ന്യൂഡെല്‍ഹി.
***********************