ഒരു കൊച്ചു മോഹം
ഇടയ്ക്കിടെ കൊതിതൊന്നുന്നു
വിധിയുടെ കാല്‍ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ്
പരിപൂര്‍ണ്ണ സ്വതന്ത്ര്യയാകുവാന്‍
എന്‍റെ വികാരങ്ങളെ മുഴുവന്‍മൂടി
എന്നെശ്വാസം മുട്ടിക്കുന്ന മൂടല്‍മഞ്ഞിന്‍റെ
കട്ടിപ്പുതപ്പില്‍ ഒരു ചെറിയ സുഷിര മുണ്ടാക്കുവാന്‍
ആ സുഷിരത്തിലൂടെ ശ്വാസം കഴിക്കുവാന്‍
വിഷാലമായ നീലാകാശത്തിന്‍റെ ഒരു നേരിയ ഭാഗം
വീക്ഷിക്കുവാന്‍ മനസ്സു കൊതിക്കുന്നു.

ആ ആകാശം ഇന്നലെ വരെ എന്‍റെ പടിവാതില്‍ക്കല്‍നിന്ന്
എന്നോടു പറയുമായിരുന്നു.
വരൂ, എന്‍റെ അടുത്തേക്കുവരൂ,
നോക്കൂ എന്‍റെ കൈവശം
ചന്ദ്രനുണ്ട്, നക്ഷത്രങ്ങളുണ്ട്
സുന്ദരമായ സ്വപ്നങ്ങളുണ്ട്,
എല്ലാം നിനക്കുവേണ്ടിമാത്രം,
കൊണ്ടുപോകൂ .... എല്ലാം കൊണ്ടുപോകൂ.....


ഞാനൊന്നും എടുത്തില്ല
ചന്ദ്രനേയോ , നക്ഷത്രങ്ങളേയോ
മറ്റുസുന്ദരസ്വപ്നങ്ങളേയോ സ്വന്തമാക്കിയില്ല
പിന്നീട് അറിയില്ല
എന്‍റെ ആത്മാവിനുമുകളില്‍
ഈ ദു:ഖത്തിന്‍റെ കനത്ത പുതപ്പ്
ആരാണ് പുതപ്പിച്ചത്
അതിനുള്ളില്‍ എന്‍റെ പൊട്ടിച്ചിരികള്‍ മരവിച്ചു
ചന്ദ്രനും താരങ്ങളും പൊലിഞ്ഞു പോയി
ഓരോന്നോരോന്നായി സുന്ദര സ്വപ്നങ്ങളും
മരിച്ചുവീണു.

ഇടയ്ക്കിടെ ആഗ്രഹം തോന്നുന്നു
തുറന്ന വായുവില്‍
സ്വാസം കഴിക്കുവാന്‍
ഒരു സ്വപ്നം നെയ്തുണ്ടാക്കുവാന്‍
പക്ഷെ ..............
അറിയാം അതുതെറ്റാണെന്ന്
എന്നിട്ടും.............
ഒരു തെ റ്റുചെയ്യുവാന്‍
ഇടയ്ക്കിടെ കൊതി തോന്നുന്നു.

**********************************
ഹേമാ ഉണ്ണികൃഷ്ണന്‍
ഷാലിമാര്‍ബാഗ്,ന്യൂഡെല്‍ഹി.
********************************


സ്നേഹപൂര്‍വ്വം

ഇത്
നീമണക്കാത്തഎന്‍റെ ഹൃദയഞരന്പില്‍
കിനിഞ്ഞത്
ഇണകെട്ടിയ പീലിയില്‍ മുക്കിക്കോറിയ
നിന്‍റെ ചിത്രങ്ങള്‍അവ്യക്തം
എങ്കിലും അര്‍ത്ഥഭംഗിയുണ്ട്.

ഹൃദയത്തുടിപ്പിന്,
ഒരുതണലില്‍
ഇത്തിരി നിന്‍റെ മനസ്സുകടം വേണം
അഗ്നിസ്പുടം ചെയ്ത്
തിരികെത്തരും ഞാന്‍,
അതിലെന്‍റെ ജീവന്‍റെ
ഒരുകണം.

നിന്‍റെ പൂര്‍വ്വസ്പര്‍ശം
എന്നില്‍ മറന്നുവെച്ചത്,
ഭാവിയിലേയ്ക്ക് കടംകൊള്ളുവാന്‍
അലട്ടുന്ന ദൗര്‍ബല്ല്യം.
നിന്‍റെ നിഴലില്‍
എന്റെ കാല്‍പാടുകള്‍
ഒളിപ്പിക്കുന്നു.
കരിമേഘമൊഴിച്ച്
ചന്ദ്രികനിനക്ക്നിറമുള്ള
ഒരു രാത്രിതരും
പിന്നെ
ഒരുനനുത്ത പ്രഭാതവും
പുല്‍കൊടിത്തുന്പിലാനൈര്‍മല്യമേറ്റ്
നിന്‍റെ പാദങ്ങള്‍
പറക്കുംകുതിരയാവും
ഇമചിമ്മാതെ ,
നനയാതെ ,
കത്തിരിക്കുക... കാത്തിരിക്കുക.....

**************************************
സപ്രു കേരളാ ഹൗസ്.
*********************
ജീവിതം


സമൃദ്ധം കോലാഹലം
സംസാര സാഗരം
ലയിക്കാം നഗരത്തിന്‍
കറുത്ത തിരക്കില്‍
പഠിക്കാം പരസ്പരം
ഹൃദയം മറയ്ക്കുവാന്‍
ശ്രമിക്കാം മറക്കുവാന്‍
സ്വജനത്തിന്‍ സൗഹൃദം
തീര്‍ക്കാം പണിചെയ്തു
പുതിയനരകങ്ങള്‍
തകര്‍ക്കാമപരന്റെ
തലയും തനിമയും
അണിയാം മുഖം മൂടി
അവസാനശ്വാസം വരെ
സൂര്യസമയവൃത്തത്തില്‍
ആടിടാം ധൃതിയില്‍
ക്ഷണികം നശ്വരം
ജീവിതം നാടകം.

*******************
വിനോദ് ജോര്‍ജ്
*******************