ഇടം മാറുമ്പോള്‍


ഓരോന്നിനും അതിന്‍റേതായ ഇടമുണ്ട്‌.
നിലവിളക്ക്‌:
പുളിയിട്ട്‌ തേച്ച്‌ മിനുക്കി തിരി തെളിച്ച്‌
വീടിന്ന്‌ വെളിച്ചമായ്‌
അദ്ദേഹത്തിന്‍റെ മനസ്സില്‍ തെളിച്ചമായ്‌
പൂമുഖപ്പടിയില്‍.
തിരിയണഞ്ഞാല്‍
മുറിയുടെ ഇരുട്ടുമൂലയില്‍
ഒരു പ്രകാശനാളത്തിന്‍റെ ഓര്‍മ്മയിലേക്ക്‌
തുറക്കാനാകാത്ത
തുറിച്ച മാറാലക്കണ്ണുകളുമായ്‌,
നാളെതന്‍ ക്ളാവിലേക്ക്‌ കാലും നീട്ടി....

സമ്മാനക്കപ്പുകള്‍
‍സ്വീകരണമുറിയില്‍ത്തന്നെ.
നേടിയ കൈകള്‍ക്ക്‌ എത്താ ഉയരത്തില്‍
ചില്ലലമാരയില്‍
അവളുടെ കൊതിക്കണ്ണില്‍ കരടായ്‌
നമ്മുടെ പൊങ്ങച്ചത്തൊപ്പിയില്‍ തൂവലായ്‌.

ചൂലിന്‍റെ ഇടം
വാതിലിന്‌ പിറകിലാണ്‌.
എലുമ്പുമെച്ചിലും കൊഴിഞ്ഞ ഇലകളൂം
ഇടറിയ കാലടിപ്പാടുകളും തൂത്തുവാരിക്കളഞ്ഞ്‌
വിശുദ്ധിയുടെ കണിയൊരുക്കുന്നവള്‍ .
സ്വയം കണിയാകാന്‍ കൊള്ളാത്തവള്‍ .
അശ്രീകരം;
അവള്‍ മറഞ്ഞിരിക്കണം.

കറിക്കത്തിക്കുമുണ്ട്‌ ഒരിടം.
പരതുന്ന കൈക്കരുത്തിന്‌ വഴങ്ങി
അവന്‌ വേണ്ടി
കീറാനും മുറിക്കാനും കൊല്ലാനും
അവസരം സ്വപ്നം കണ്ടിരിക്കാന്‍ ;
ഇടം മാറിയിരിക്കുമ്പോള്‍
തന്നിഷ്ടത്തോടെ മുറിച്ചും നോവിച്ചും ചോര ചീറ്റിയും
കടിച്ചുകീറാന്‍ പാകത്തില്‍ .

ഓരോ ഇടം മാറ്റത്തിലും
ഒരു കലഹം മറഞ്ഞിരിപ്പുണ്ട്‌,
ഒരു വെല്ലുവിളിയും;
കല്‍പ്പിച്ചുകിട്ടിയ ഇടത്തിന്‍റെ നിഷേധം.
ഓരോ ഇടം മാറ്റവും ഓരോ തുടലറുക്കലാണ്‌.

.................................

ടി. വിനോദ് കുമാര്‍
****************

2 comments:

Vinodkumar Thallasseri said...

priyamulla dinesan,

ee kavitha ippol post cheyyendiyirunnilla. ithu nhaan ente blogil nerathe ittu kazhinhu. dinesanu ithu ayacchuthannathu valare mumpe aayirunnallo.

dinesante abhyarthana nhaan marannittilla. kazhinha rantu moonnu masam onnum ezhuthiyittilla. theerchayayum ayachu tharam.

Vinod.

ദിനേശന്‍ വരിക്കോളി said...

പ്രിയ സുഹ്രുത്തേ കുഴപ്പമില്ല,
നിങ്ങള്‍ വീണ്ടും അയക്കൂ...
സസ്നേഹം.