ചോര പുരളുന്നതിങ്ങനെ


കഴുത്തൊടിഞ്ഞൂപോവുന്ന ഒരു പിടി
വെടിയുണ്ടകളെകുറിച്ചു
ഒരിറ്റു കണ്ണീര്‍പൊഴിക്കാന്‍ പോലും
സമയം കിട്ടിയെന്നുവരില്ല.
പിടഞ്ഞുടയുന്ന ജീവന്‍
അപ്പോഴേക്കുശരീരത്തില്‍
ഒരു ചിത കൊളുത്തിയിരിക്കും.
വെടിയുണ്ട തുളച്ച ഓര്‍മകള്‍
മണ്ണും ചോരക്കറയും നിറച്ചു
മൗനം കടിച്ചുപിടിച്ചിരിക്കും .
വെടിമരുന്ന് മണക്കുന്ന കാറ്റ്
തോക്കിന്‍കുഴലിനെ
കഴുകിയുണക്കുകയാവും .
ആത്മഹത്യ ചെയ്ത ദിക്കുകള്‍
തെളിവുകളൊന്നും നല്‍കില്ല.
കാഞ്ചിയിലാരുടെയും
വിരല്‍പ്പാടും കാണില്ല.
തലച്ചോറു തുളച്ചു
ഒച്ചയടഞ്ഞുപോകുന്ന നിലവിളിയെ
കാല്‍കീഴില്‍ മണ്ണുപുതഞ്ഞ
ഒരു വിത്ത് ഒളിച്ചുവച്ചിരിക്കുന്നത്
അധികമാരും ആറിഞ്ഞിരിക്കാനിടയില്ല.
മണ്ണും എതിര്‍ സാക്ഷി പറയില്ല.


പൊടുന്നനെ അപ്രത്യക്ഷമാവുന്നവരെ
പറ്റിയെഴുതാന്‍ ഒഴിഞ്ഞ നാട്ടുവഴിയിലെ
ഒരുപൂവും അതിന്‍റെ ചെന്തീ നിറം
ആര്‍ക്കും പകരം തന്നെന്നിരിക്കില്ല'
കേകയും കാകളിയും വഴിമാറി നടക്കും
ഉപമയും ഉല്‍പ്രേക്ഷയും വാര്‍ന്നുപോയ
നിലവിളി ഈരടിയെന്നുപോലും പാടിത്തരില്ല.
ഇനിയാരും അന്വേഷിച്ചുവരാതവണ്ണം
വരണ്ടുവിണ്ടുപോയൊരു വാക്കോ
സ്വയം കൈവിലങ്ങണിഞ്ഞു നില്‍ക്കും.
പാതിവെന്ത മരണം കനച്ചു ചുവയ്ക്കുന്ന
ഓര്‍മകളാണിന്ന് എന്‍റെയും കവിത.

അവരിലാരൊക്കെയോ മരിച്ച രാത്രി
വന്നുവിളിക്കില്ലൊരിക്കലും നമ്മെ.
ഓര്‍ക്കാപ്പുറത്തു വന്നു തൊട്ടുണര്‍ത്തി
അലോസരപ്പെടുത്തില്ലൊരിക്കലും.....
നക്ഷത്രത്തുള വീണ മൗനത്തെ നമ്മള്‍
ആകാശമെന്ന് വിളിക്കാന്‍ പഠിച്ചിരിക്കും.
നമ്മള്‍ പരസ്പരം അത്രമേല്‍
അവിശ്വസിക്കാന്‍ തുടങ്ങിയിരിക്കും.
കൊടുങ്കാറ്റുകള്‍ വേവുന്ന അടുപ്പില്‍
തിളയ്ക്കുന്ന ഒരു തുള്ളി ജീവന്‍
മാത്രമാണിന്നു നിന്‍റെയും
സംഭാഷണങ്ങള്‍.

ചുടലമണം പുറണ്ടേതൊരു വാക്ക്
നമ്മിലാരെ തിരക്കിവരാതിരിക്കില്ലെ?
******************************
വി . ജയദേവ്.
............................

6 comments:

നാടകക്കാരന്‍ said...

ചോര പുരളുന്നവഴികൾ കൂടി കൂടി വരികയാൺ ...മനുഷ്യൻ മനുഷ്യനെ വിഴുങ്ങാൻ പഠിച്ചിരീക്കുന്നു ...അല്പം പോലും നീരസമില്ലാതെ അവനതു ചെയ്യാനും പഠിച്ചിരിക്കുന്നു...ഓരോ ഇടവഴികളിലും പൂക്കൾക്കു പറയാൻ കഴിയാത്ത ഓരോ ചോരയുടെ കഥകൽ ഉണ്ടാകും...നല്ല കവിത......ആശംസകൾ

ദിനേശന്‍ വരിക്കോളി said...

''പൊടുന്നനെ അപ്രത്യക്ഷമാവുന്നവരെ
പറ്റിയെഴുതാന്‍ ഒഴിഞ്ഞ നാട്ടുവഴിയിലെ
ഒരുപൂവും അതിന്‍റെ ചെന്തീ നിറം
ആര്‍ക്കും പകരം തന്നെന്നിരിക്കില്ല'
കേകയും കാകളിയും വഴിമാറി നടക്കും
ഉപമയും ഉല്‍പ്രേക്ഷയും വാര്‍ന്നുപോയ
നിലവിളി ഈരടിയെന്നുപോലും പാടിത്തരില്ല.
ഇനിയാരും അന്വേഷിച്ചുവരാതവണ്ണം
വരണ്ടുവിണ്ടുപോയൊരു വാക്കോ
സ്വയം കൈവിലങ്ങണിഞ്ഞു നില്‍ക്കും.
പാതിവെന്ത മരണം കനച്ചു ചുവയ്ക്കുന്ന
ഓര്‍മകളാണിന്ന് എന്‍റെയും കവിത.....''

ഇത് കവിതയല്ല ജീവിതമാണ്...
ഒരുപക്ഷെ വായിച്ചുതീര്‍ന്നിട്ടും
നമ്മെപിന്‍തുടരുന്ന
ഒരു വാക്ക്...'എന്തിനെന്‍റെ കുട്ടിയെ നിങ്ങള്‍ പെരുമഴയില്‍ നിര്‍ത്തിയെന്ന' ചരിത്രത്തിലെ ഒരച്ഛന്‍റെ ചോദ്യംപോലെ............

kureeppuzhasreekumar said...

nannayi jayadev

മാണിക്യം said...

".....
നക്ഷത്രത്തുള വീണ മൗനത്തെ നമ്മള്‍
ആകാശമെന്ന് വിളിക്കാന്‍ പഠിച്ചിരിക്കും.
നമ്മള്‍ പരസ്പരം അത്രമേല്‍
അവിശ്വസിക്കാന്‍ തുടങ്ങിയിരിക്കും....."

എത്ര നിര്‍ദാക്ഷിണ്യം!
എത്ര ദാരുണം!
ഇനിയുള്ള കാലം ഇതൊക്കെ നിത്യ സംഭവങ്ങളും
ആരും അതിലോന്നും വിലപിക്കുകയും ഇല്ലന്ന് വരുമോ?
ഇരുത്തി ചിന്തിപ്പിക്കുന്നു കവിത.
ആശംസകള്‍...

devan nayanar said...

friends,
we are living in a world where someone spontaneously disappear
from our locality...
even from our history
we will have to rewrite our own history
and call it poetry
a day will come soon
when all poets metamorphosise as history writers.
we will write our own history of existence

Bigu said...

superb