നടത്തം



നടക്കുന്നത്
രണ്ട് കാലിലല്ല
വഴിയിലും വരമ്പിലുമല്ല
കൂടെയുണ്ട്
ഒരു നാട്ടുമാവിന്‍റെ തണലും
ഇത്തിരി നിലാക്കുളിരും
ഏത് നട്ടുച്ചയ്ക്കും.

നിരത്തുവക്കില്‍
ഇപ്പോള്‍ ഇല്ലാത്ത
ഓലക്കുടിലില്‍
നിന്നുയരുന്നുണ്ട്
ശേഖരേട്ടന്‍റെ
ഇരുന്നൂറ് മില്ലി തെറി.

ബാറിലെ അട്ടഹാസങ്ങള്‍ക്കിടയിലും
കാതില്‍ വീഴുന്നത്
വേലായുധേട്ടന്‍റെ
തെങ്ങിന്‍ കള്ള് മണക്കുന്ന
ഒരു പ്രണയ ഗാനം.

നികത്തി ടാര്‍ ചെയ്ത
കൂനിടവഴിയുടെ വക്കില്‍
പൂക്കാത്ത കൊന്നയ്ക്ക്
പൂ ചൂടിച്ച് നില്‍പാണ്
പാവാടയും ജമ്പറുമിട്ട
ഒരു പുഞ്ചിരി.

കാതില്‍ അലയ്ക്കുന്നുണ്ട്

തീവിയുടെ നിര്‍ത്താത്ത കൂക്കിവിളിയില്‍
പിളര്‍ന്നുപോയ

പശുകുട്ടിയുടെ നിലവിളി.

മാറാപ്പില്‍
പരാതികള്‍ ‍, പരിഭവക്കുറുകലുകള്‍
ഓഫീസിലെ
അശ്ലീലം തെറിക്കുന്ന തുപ്പലുകള്‍
നീറിക്കിടപ്പുണ്ട്
'' കൊതിക്കല്ലുകള്‍ വന്നുകൊണ്ട*
ഉടല്‍ മിനുപ്പിന്‍റ് മുറിവായകള്‍ ‍''
നടത്തം
അവസാനിക്കുന്നില്ല.
*******
*സെറീനിയുടെ ഉപ്പിലിട്ടത് എന്ന കവിതയില്‍ നിന്ന്



*********
ടി. വിനോദ് കുമാര്‍
*********

5 comments:

Jayesh/ജയേഷ് said...

ഇത് വായിക്കാന്‍ പറ്റുന്നില്ലല്ലോ..ഏതാ ഫോണ്ട്?

മനോഹര്‍ മാണിക്കത്ത് said...

നന്നായി ഈ നടത്തം
ഇനിയും മറന്നുപോയ നടത്തങ്ങള്‍
പലതും .....പറയാതെ

ദിനേശന്‍ വരിക്കോളി said...

പ്രിയ ജയേഷ് അത് എംഎല്‍ടിടി കാര്‍ത്തിക ഫോണ്ടിലായിരുന്നു..
വായിക്കാന്‍ പ്രയാസമുണ്ടായി അല്ലെ? ഞാനത് മാറ്റിയിട്ടുണ്ട്.

പിന്നെ പ്രിയ വിനോദ് ജീ..
കവിത മനോഹരം തന്നെ..
പ്രവാസത്തിന്‍റെ ശബദം അങ്ങിനെ
ഉയരട്ടെ.. ഒരു നൊസ്റ്റാള്‍ജിയ...
ഗ്രാമാത്തില്‍ വന്നുപ്പൊയ ഒരനുഭവം...
ആശംസകള്‍...

ബിഗു said...

കവിത മനോഹരം. അഭിനന്ദനങ്ങള്‍

sindhu said...

നൊസ്റ്റാള്‍ജിയ എന്നും നല്ല കവിതയെ ജനിപ്പിക്കുന്നു..... കവിത നന്നായിരിക്കുന്നു.......