*അകമേ മുറിഞ്ഞവ

കുന്ന്‌, കുന്ന്‌ എന്നൊക്കെ
പറയും. ആകാശത്തോട്
തലമുട്ടിച്ചുയര്‍ന്നു നില്‍ക്കും.
വെള്ളച്ചാട്ടങ്ങളുടെ
ഉറവ പൊട്ടിക്കും.
സൂര്യനെ രാവിലെ രാവിലെ
കൂട് തുറന്നു വിടും.
പൂവായ പൂവൊക്കെയും
വാരിപ്പുതച്ചു നില്‍ക്കും.
കിളിയായ കിളികളെയൊക്കെ
പാട്ട് പഠിപ്പിച്ചു ചൊല്ലിക്കും.
എന്നാലും ഉള്ളിലെന്നുമുണ്ട്
ആരെയും കാണിക്കാതെ
ഒരു പേടി.
ഒരു തുമ്മലിലെങ്ങാനും
പറന്നു പോയാലോ?.
പ്രണയത്തിനും അതെ പേടി.
ഒരു വാക്കിലെങ്ങാനും
അപ്പാടെ തൂര്‍ന്നു പോയാലോ?.





2

ഇന്നലെയും എന്നെ
ഇവിടെയുമാരോ
അന്വേഷിച്ചു വന്നെന്നു
തെരുവിലാരോ പറഞ്ഞു.
മേല്‍വിലാസങ്ങള്‍
ഇടയ്ക്കിടെ
മാറിപ്പോകുന്നുണ്ടെങ്കിലും.
'' ഒരു മിന്നല്‍ പോലെയാണ്
വന്നത് . വന്നത് പോലെ മറഞ്ഞു.
ആ കണ്ണുകള്‍ മാത്രം
തറഞ്ഞു നില്‍ക്കുന്നു''.
മറ്റാരുമായിരിക്കില്ലെന്ന്
എനിക്കല്ലാതെ മറ്റാര്‍ക്കറിയാം.
പ്രണയമേ, നീ തന്നെ.
ജീവിതത്തിന്റെ
ജീവപര്യന്തം ശിക്ഷയ്ക്കിടെ
പരോളിലിറങ്ങുന്ന
നിന്റെ കണ്ണുകള്‍.



3


ചിലങ്കയുടെ കാലടികള്‍
ഇരുട്ടില്‍ എങ്ങോട്ടാണ്
നടക്കുന്നതെന്ന്
ആരും പറയാതെ
അറിയാം.
അവള്‍ പുതച്ച
നിലാവിന്റെ അരികുകള്‍
ഇളകിപ്പറക്കുന്നത്
കൃത്യമായി
തെളിഞ്ഞുകാണുകയും
ചെയ്യാം. ഇരുട്ടിനെ
പാലപ്പൂവ് മണപ്പിക്കാന്‍
മറ്റാര്ക്കാവും ?.
പ്രണയമേ,
ചൂണ്ടു വിരലില്‍ ചുണ്ണാമ്പ്
എടുത്തു നീട്ടുകയെ വേണ്ടു.
നാളെ എല്ലും മുടിയും മാത്രം
ബാക്കി വെയ്ക്കാനായി
എന്നത്തേയും പോലെ
ഒരു രാത്രി കൂടി.
**************












വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം

*( അടുത്ത് തന്നെ പ്രസിദ്ധീകരിക്കുന്ന '' ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും '' എന്ന നൂറു കവിതകളുടെ സമാഹാരത്തില്‍ നിന്ന്.)


8 comments:

Mohamed Salahudheen said...

ആദ്യം, ഒന്നുതന്നെ നല്ലത്

ചിത്രഭാനു Chithrabhanu said...

:) :) :)

Kalavallabhan said...

"ചൂണ്ടു വിരലില്‍ ചുണ്ണാമ്പ്
എടുത്തു നീട്ടുകയെ വേണ്ടു.
നാളെ എല്ലും മുടിയും മാത്രം
ബാക്കി വെയ്ക്കാനായി"
കൊള്ളാം.
(എന്റെ കവിത കൂടിയൊന്നു വായിക്കൂ...)

മനോഹര്‍ മാണിക്കത്ത് said...

GOOD

Junaiths said...

സൂര്യനെ രാവിലെ രാവിലെ
കൂട് തുറന്നു വിടും.

മനോഹരം..

ബിഗു said...

Jayaetta great lines

devan nayanar said...

nandi...nalla vaayanaykkum vakkukalkkum

മുകിൽ said...

nalla kavithakaL.