ഒളിച്ചിരിക്കുന്നിടം
തിരകളൾ ചെമ്പട താളമിട്ടു
തോൽക്കില്ല തോൽക്കില്ലെന്നാർപ്പുമിട്ടു.

അടിതട്ടിന്റെ രഹസ്യങ്ങൾ കണ്ടറിയാൻ
അവശേഷിച്ച പ്രാണനെ നീർകുമിളയാക്കാൻ
ആഴം പ്രലോഭിപ്പിച്ചിരുന്നില്ല.
എങ്കിലും…

പവിഴപുറ്റിന്റെ നിലവിളികളെതള്ളി മാറ്റി
കുഴഞ്ഞമർന്നനേരം മുതൽ
മീനുകളാണു പരിചയം പുതിക്കിയത്,
കുളത്തിലെ പോലെ
തുടയിൽ തൊട്ടാലൊന്നും ഇക്കിളിപെട്ടില്ലെ
ന്നതിന് പരിഭവം പറഞ്ഞില്ല.

ഉള്ളുറപ്പുകൾ അലിഞ്ഞില്ലാതാകെ
സാക്ഷിപറയാൻ കൊതിച്ച അസ്ഥികൾ മാത്രം
വെളുവെളുന്നങ്ങനെ തെളിഞ്ഞു നിന്നു

വലവെളിച്ചമോ,
പാതാളക്കരണ്ടിയോ,
ഇവിടൊരാൾ ഒളിച്ചിരക്കുന്നതന്വോഷിച്ച്
ആരെലും വരുമോന്നറിയാൻ
ഒച്ചയനക്കം കേൾക്കെ പതുക്കെ
മുങ്ങാം കുഴിയിട്ടു മറയാമെന്നേറ്റ്
ഒരാമ
തപസ്സിരിക്കുന്നുണ്ട്.

സംവിദാനന്ദ്

No comments: