രണ്ട് കവിതകൾ


മയൂര


നിണമെഴുതിയത്‌


ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.



******************************************************************

ഭോജ്യം




വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്

9 comments:

മാണിക്യം said...

മയൂര
“നിണമെഴുതിയത്‌ ”
“ഭോജ്യം”

“ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.” :)

“ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.”

രണ്ടു കവിതകളും വള്രെ നന്നായിരിക്കുന്നു..
ആശംസകള്‍........മാണിക്യം.

K G Suraj said...

"എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം."
------------------------------
കണു കെട്ടി
മരം ചൂണ്ടി
കൊക്ക കാട്ടുന്നോര്‍...

എല്ലാ മികച്ച അഭിനേതാക്കള്‍ക്കും ചുടു നിണത്താല്‍ ഡോണിയന്‍ പ്രഹരം..
നന്നായി ..തുടരുക...

K G Suraj said...

"പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ..."

സ്വപ്നങ്ങള്‍.... സ്വാതന്ത്ര്യം...സ്വപ്നങ്ങള്‍.... സ്വാതന്ത്ര്യം
ചില്ലു പൊട്ടിച്ചൊരു കുഞ്ഞുമീന്‍
ചിറകടിച്ചു പറന്നു പോയ്..

ഭോജ്യം രുചിച്ചു..
നല്ലത്...

ദിനേശന്‍ വരിക്കോളി said...

"പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.'

മയൂരാ....പൊള്ളുന്നുണ്ട്
വാക്കുകളുള്ളില്‍ തട്ടി......
ത്തകര്‍ന്നൊരിടയെന്‍റെ നെഞ്ചകം.

ഗൗരി നന്ദന said...

'ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.'


'പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.'

എനിക്കും വല്ലാതെ പൊള്ളുന്നു ട്ടോ???

വളരെ നന്ദി ...

Sureshkumar Punjhayil said...

Orupaishttamayi.. Ashamsakal...!!!

ശ്രീജ എന്‍ എസ് said...

ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.
നല്ല വരികള്‍ ഡോണ...

സ്വപ്‌നങ്ങള്‍ നുറുക്കി മീന്‍ കുഞ്ഞുങ്ങളെ ഊട്ടി ...സ്വപ്‌നങ്ങള്‍ ഒഴിയുമ്പോള്‍ ...ചോദ്യം ബാക്കിയാണ് മയൂര

ഗോപന്‍ കോട്ടവിള said...

ninamezhuthiyathu vayichappol manasil evideyokkayo oru pollal. Thettu cheythupoyi. Aa kannu neer manasil ninnu mayunnilla

ഗോപന്‍ കോട്ടവിള said...

പ്രിയ മയൂര ,നിണമെഴുതിയത് വായിച്ചപ്പോള്‍ തന്നെ എന്തെങ്കിലും കുറിക്കണമെന്ന് തോന്നി ,അതാണ് ആദ്യം വന്ന കംമെണ്ട് .ഇതൊരു നന്ദി പറച്ചിലാണ്‌ ഒരിക്കല്‍ ഉപേക്ഷിച്ചു പോയ ബ്ലോഗിലേക്കും മറ്റു പലതിലേക്കും എന്നെ കൊണ്ടുവന്നതില്‍ ( എല്ലാം എനിക്ക് പ്രിയപെട്ടതയിരുന്നു ).ഇനിയും പ്രതീക്ഷിക്കുന്നു ആശംസയോടെ ഗോപന്‍