പകുതിയുടെ അര്‍ത്ഥം


പലകാര്യങ്ങളും
പറഞ്ഞു കൊണ്ടിരിക്കെയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
ഒരു മഞ്ചാടിക്കുരുമാല
പാതി കോര്‍ത്തുവച്ചത്,
ഒരു കടലാസ് വഞ്ചി
കടലാസില്‍
മടങ്ങിക്കിടക്കുന്നത്,
എന്നോടെന്തൊ
പറഞ്ഞുനിര്‍ത്തിയത്.

ഒരു മയില്‍പ്പൂവന്‍റെ പടം
അവള്‍ പെട്ടിയില്‍
അമര്‍ത്തിവച്ചിരുന്നു.
ഉമ്മറപ്പടിയിലെ അളുക്കില്‍
ഒരു പാട് കുന്നിമണികള്‍.
ഞങ്ങള്‍ രണ്ടാളും
ചേര്‍ന്നു നില്‍ക്കുന്ന പടം
മനസില്‍ മടക്കിവച്ചിരുന്നു.

പലതും പറഞ്ഞിരിക്കേയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കിവച്ച്
ഒരു കടങ്കഥ.

പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്.
..................................

വി . ജയദേവ്
******** ***
വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരി എന്ന കവിതാ സമാഹാരത്തില്‍ നിന്നും
***************************************************************

5 comments:

ഉറുമ്പ്‌ /ANT said...

പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്.

കവിത ഇഷ്ടപ്പെട്ടു.
പരിചയപ്പെടുത്തിയതിനു നന്ദി.

anupama said...

really nice..........who could portray me so well?thanks alot.........please convey......touching.
hearty congrts........
sasneham,
anu

ബഷീർ said...

നല്ല വരികൾ

Jayasree Lakshmy Kumar said...

നല്ല വരികൾ

ദിനേശന്‍ വരിക്കോളി said...

പ്രിയകവെ,
ശരിയാണ്

'' പലതും പറഞ്ഞിരിക്കേയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കിവച്ച്
ഒരു കടങ്കഥ. ''

...അതെ ..ഒരു കടങ്കഥ. '' ജീവിതം
എന്ന് അനുഭവ സത്യം..