കീഴാളൻ

മലയാളഭാഷയിൽ എൺപതുകളിലെ കവിശബ്ദങ്ങളിൽ കുരീപ്പുഴശ്രീകുമാറിന്റെ ചിലമ്പിച്ച സ്വരത്തിലെ ഇമ്പം സാഹിത്യസദസ്സുകളെ കീഴടക്കിയത് ജെസ്സിയുടെ അകമ്പടിയോടെയായിരുന്നു. അതിനുമൊക്കെ അപ്പുറം ഈ കവി നമ്മുടെ ഇടയിൽ പകർന്നു നൽകിയ ചില തിരിച്ചറിവുകൾക്കും നിലപാടുകൾക്കും ആവിശ്യമായ ജനകീയ പിന്തുണകിട്ടിയിട്ടുണ്ട് എന്നാണ് ഇന്ദ്രപ്രസ്ഥം കവിതയുടെ വിശ്വാസം. അടിസ്ഥാനവർഗ്ഗ ജനതയുടെ നെഞ്ചിടുപ്പുകളെയും വേദനെയും മറ്റേതു കവിയെക്കാളും യാഥാർത്ഥ്യബോധത്തോടെയും നോവോടെയും ഏറ്റുവാങ്ങാൻ കുരീപ്പുഴയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്നെയുമല്ല അത്തരം പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകരുവാനും, നാവായി നിൽക്കുവാനും കവിക്ക് നിരന്തരം കഴിയുന്നുമുണ്ട്.
കുരീപ്പുഴയുടെ കവിതകളിലെ ദ്രാവിഡത്തുടിയും, ദ്രുത താളത്മകതയും അനുവാചകന്റെ ഹൃദയത്തിൽ ഇടം നൽകുന്നു.
ലോകം ആഗോള ഗ്രാമമാകുകയും സമ്പന്നൻ അതിസമ്പന്നനും ദരിദ്രൻ കഠിന ദാരിദ്ര്യത്തിലും ജീവിച്ചേ മതിയാകു എന്നു തിരിച്ചറിഞ്ഞ ഗ്രാമം, ഈ ആഗോളഗ്രാമത്തിൽ വേസ്റ്റുപാത്രത്തിൽ പോലും സ്ഥാനമില്ലാത്ത കീഴാളചോരയ്ക്കും കരച്ചിലിനും ജീവൻപകരുവാൻ, കീഴാളതെരുവുകളിൽ കറുത്ത സൂര്യന്മാരും വിശന്നസൂര്യവംശവും നിലനിൽക്കുന്നെന്നു വിളിച്ചുപറഞ്ഞ ഈ പതിറ്റാണ്ടിലെ മികച്ച കവിതകളിലൊന്നായ കീഴാളൻ അഭിമാനപുരസ്സരം ബ്ലോഗിൽ പോസ്റ്റുന്നു(കീഴാളൻ-കുരീപ്പുഴശ്രീകുമാർ-പ്രസിദ്ധീകരിച്ചത്- സാഹിത്യപ്രവർത്തക സഹകരണസംഘം)



കുറ്റി കരിച്ചു കിളച്ചുമറിച്ചതും

വിത്തു വിതച്ചതും വേള പറിച്ചതും

ഞാനേ കീഴാളൻ

കന്നിമണ്ണിന്റെ ചേലാളൻ

തേവിനനച്ചതും കൊയ്തുമെതിച്ചതും

മോതിരക്കറ്റമുഖപ്പുറം വെച്ചിട്ട്

കാടികുടിച്ചു വരമ്പായ് കിടന്നതും

ഞാനേ കീഴാളൻ

പുതുനെല്ലിന്റെ കൂട്ടാളൻ

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ

സൂര്യനെ കാണിച്ചുണക്കിയടുക്കി

തീകൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം

തോളിലെടുത്തു നടന്നു തളർന്നതും

ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും

ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്

ആകാശക്കൂരയിലന്തിയെരിച്ചതും

ഞാനേകീഴളൻ

നെടുന്തൂണിന്റെ കാലാളൻ

കട്ടമരത്തിൽ കടലിൽ കഴുത്തേറി

കഷ്ടകാലത്തിന്റെ കൊല്ലിവല വീശി

പൂവാലൻ ചെമ്മീനും മത്തിയും മക്കളും

തീരത്തു നേദിച്ചു നേരമിരുണ്ടപ്പോൾ

പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാൻ

ചാളക്കറിക്ക് കൊതിച്ചുകയർത്തതും

ഞാനേ

കീഴാളൻ
കൊടുങ്കാറ്റിന്റെ തേരാളൻ

കൺ തടം കുത്തി കുരുപ്പരുത്തി നട്ട്

പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്

ആദിത്യരശ്മിപോലംബരനൂലിട്ട്

രാപകലില്ലാതെ ഓമൽതറിയോട്

മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും

നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും

ഞാനേ കീഴാളൻ

ഉടുമുണ്ടിന്റെ നെയ്ത്താളൻ

ചന്ദനം കണ്ടതും കൊത്തിമണത്തതും

വെട്ടിമറിച്ചു പുറന്തോടു ചെത്തീട്ട്

ആനയും വ്യാളിയും സർപ്പവും സിംഹവും

പത്തവതാരവും കൊത്തിപൊലിപ്പിച്ച്

കട്ടിൽ കടഞ്ഞതും തൊങ്ങലുവെച്ചതും

കല്ല്യാണതമ്പ്രാനും തമ്പ്രാട്ടികുഞ്ഞിനും

കന്നിരാവത്തു ചിരിച്ചുകളിക്കുവാൻ

കാണിക്കവെച്ചിട്ട്

മാടത്തിന്മുറ്റത്ത് പൂഴിക്കിടക്കയിൽ

ഓലവിരിപ്പിന്മേൽ

നക്ഷത്രം നോക്കി നശിച്ചുകിടന്നതും

ഞാനേ കീഴാളൻ

മുൾമരത്തിന്റെ വേരാളൻ

കായൽക്കയങ്ങളിൽ മാലുകൊരുത്തിട്ട്

തൊണ്ടു കുതിർത്തതും പോളയരിഞ്ഞതും

റാട്ടുകറക്കീട്ട് പൊൻ താരു നൂറ്റതും

ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്

ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോൻ

ഞാനേ കീഴാളൻ

കരിമണ്ണിന്റെയൂരാളൻ

പാർട്ടിയാപ്പീസിന്റെ നെറ്റിയിൽ കെട്ടുവാൻ

രാത്രിയിൽ ചോരക്കിനാക്കൊടി തുന്നിയും

നെഞ്ചോടു ചേർത്ത് കരഞ്ഞു ഞെളിഞ്ഞും

സങ്കടത്തീക്കനൽ തൊണ്ടയിൽ വച്ചിട്ട്

പിന്നിൽ നടന്നതും

താണു ഞെരിഞ്ഞതും

പിന്നെ കിനാവിൻ കലപ്പ നാക്കായ് വന്നു

മണ്ണു തെളിച്ചു വിയർത്തു കിതച്ചതും

ഞാനേ കീഴാളൻ

കൊടിക്കമ്പിന്റെ നാക്കാളൻ

കല്ലരിക്കഞ്ഞിയിൽ വെണ്ണിലാവുപ്പിട്ട്

കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്

വോട്ടുപത്തായക്കുരിക്കിൽ കുനിഞ്ഞിരു

-
ന്നാശയ്ക്കു വിത്തിട്ട് പോഴത്തമാക്കീട്ട്

പുട്ടിലും തട്ടി പുറം തിരിഞ്ഞോടുന്ന

ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്

തീപിടിക്കുന്ന വിളഞ്ഞപാടം പോലെ

നായ്ക്കുട്ടി തട്ടിയുടച്ച കലം പോലെ

വീണേ കീഴാളൻ

കണ്ണുനീരിന്റെ നേരാളൻ

എൻ വിയർപ്പില്ലാതെ ലോകമില്ല

എൻ ചോരയില്ലാതെ കാലമില്ല

എൻ വിരൽതൊട്ടാൽ ചുവക്കുന്നു വൃക്ഷം

എൻ കണ്ണുവീണാൽ രതിക്കുന്നു പുഷ്പം

എൻ കാലനങ്ങി കിലുങ്ങും സമുദ്രം

എൻ തുടി കേട്ടാൽ തുടിക്കുന്നു മാനം

ഞാനേ കീഴാളൻ

കൊടും നോവിന്റെ നാട്ടാളൻ

മേലാളക്കഴുമരമേറി

പിടഞ്ഞൊടുങ്ങുന്നേ

കറുത്തസൂര്യന്മാർ


കീഴാളതെരുവുകൾ തോറും

മുളച്ചുപൊന്തുന്നേ

കറുത്ത സൂര്യന്മാർ

ഭൂലോകപെരുമഴ തുള്ളും

തണുത്ത കൂരാപ്പിൽ

വിശന്ന സൂര്യന്മാർ

ഈരാളുകൾ നൂറാളുകളായ്

പരന്നു കേറുന്നേ

വിശന്ന സൂര്യന്മാർ

ഞാനെന്റെ ദുഃഖച്ചിന്തുകളും

താളവുമായി

പൂക്കൈത മറപറ്റുമ്പോഴെ

കൂടെ വരുന്നേ

ആദിത്യൻ കതിരുണരുമ്പോഴെ

കൂടെ വരുന്നേ

അണ്ണാറക്കണ്ണനുമായിട്ടേ

കൂടെ വരുന്നേ


..
കുരീപ്പുഴശ്രീകുമാർ

..

6 comments:

Sabu Kottotty said...

ഇതിനു കമന്റെഴുതാനുള്ള അര്‍ഹത എനിക്കില്ലെന്നാണു തോന്നുന്നത്...

സന്തോഷ്‌ പല്ലശ്ശന said...

നാന്നായി...മുഴുവന്‍ വരിവിടാതെ ഉറക്കെ പാടി ഞാന്‍. എട്ടൊന്‍പതു മാസം മുന്‍പ്‌ കുരിപ്പുഴ മുംബൈയില്‍ വന്നിരുന്നു അന്ന്‌ അദ്ദേഹം പ്രസംഗത്തിനിടയില്‍ പെട്ടെന്നു പറഞ്ഞു നമ്മുക്ക്‌ എല്ലാവര്‍ക്കും കൂടി ഒരു നാടന്‍ പാട്ടങ്ങ്ട്‌ പാടിയാലൊ എന്ന്‌..."ചെഞ്ചിയഞ്ചിയെഞ്ചീയം" എന്നു തുടങ്ങിയ നാടന്‍ പാട്ട്‌ ആവേശത്തോടെ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഏറ്റുപാടി...വളരെ ഹൃദ്യമായ ഒരു സായഹ്നമായിരുന്നു അത്‌... ഈ കവിത വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തുപോയി

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

കുരിപ്പുഴയുടെ ജെസ്സിയും ,അമ്മമലയാളവും, വീണവില്പനക്കാരനും ഒരിക്കലും മറക്കാന്‍ കഴിയില്ല

K G Suraj said...

തീ....

മാണിക്യം said...

അമ്മ മലയാളം
http://www.youtube.com/watch?v=7eIG-BSWadE

Ishtamudikaayal
http://www.youtube.com/watch?v=06S_O1kJEJs&feature=related

Jessy
http://www.youtube.com/watch?v=bd2UrN5IJYc&feature=related