ഞാനോ ആത്മകഥയില്‍ ഇത്രയും എഴുതുന്നത്



കള്ളച്ചൂതില്‍ പണയമായ് കിട്ടിയ പെണ്ണിന്‍റെ
മുലകള്‍ രണ്ടും പണ്ടേ പറിച്ചെറിയപ്പെട്ടവ.
നിഴലുകളാടുന്ന രാത്രിയുടെ ചുണ്ണാമ്പുമുറിയില്‍
പെണ്ണിന്‍റെ നാഭിച്ചുഴിക്കടുത്തു ചോര കിനിയുന്ന
രണ്ടു പകിടച്ചാലുകള്‍ ഉറക്കം വരാതെ.
അവളുടെ കണ്ണുകളില്‍ പായ്ക്കപ്പലുകള്‍
തിരസ്കരിച്ച നങ്കൂരങ്ങളുടെ പുറംകടല്‍.
ഉടലിന്‍റെ മുളകുപാടങ്ങള്‍ തൊട്ടെത്തുന്ന
വരണ്ട കാറ്റില്‍ കത്തിക്കരിഞ്ഞ് എന്‍റെ മൗനം.


സ്വയംകുരുതി നടന്ന രാത്രിയില്‍
കളഞ്ഞുകിട്ടിയതത്രയും കള്ളനാണയത്തുട്ടുകള്‍
മേല്‍വിലാസങ്ങളറ്റ യൗവനത്തിന്‍റെ
പുഴുക്കള്‍ തുളച്ച വില്‍പ്പത്രത്തില്‍
അസംബന്ധവായാടിത്തം.
ശിക്കാറുകഴിഞ്ഞെത്തിയ തണുത്ത
തോക്കിന്‍കുഴലില്‍ കടിച്ചുപിടിച്ച്
ആരുടേയോ അവസാന ശ്വാസം.
ഇരുട്ടു തുഴഞ്ഞെത്തുന്ന ഈ
ഏകാകിയുടെ ചോരയ്ക്കും ചവര്‍പ്പ്.
മഹസറില്‍ മഷി വീണു പടര്‍ന്നത്
എന്‍റെ സൗഹൃദം.


മൂര്‍ച്ചയില്‍ കോര്‍ത്തു കിട്ടിയ ഇരയുടെ
കാലിലെ വേഗം മുമ്പേ മുറിക്കപ്പെട്ടവ.
കണ്ണുകളുടെ ആഴങ്ങള്‍ കാഴ്ച കൊണ്ടു
പണ്ടേ മറയ്ക്കപ്പെട്ടവ.


കരഞ്ഞു കലങ്ങിയ ഫലിതം
ഓര്‍മ്മകള്‍ പണ്ടേ ഉടയ്ക്കപ്പെട്ടവ.
വൈകിയോടുന്ന വൈകുന്നേരങ്ങള്‍
പണ്ടേ ആത്മഹത്യ ചെയ്തവ.
വെറും വെട്ടും തിരുത്തലുകളുമായി
മാറ്റിയെഴുതിയത് എന്‍റെ പ്രണയം.


ഓര്‍മ്മകളുടെ ഈടില്‍ കടം പറ്റിയ -
ഈ ദിനങ്ങളൊക്കെയും പണ്ടേ
അരികുകള്‍ കീറി മടങ്ങിവ.
ദിക്കുകള്‍ മുമ്പേ നനഞ്ഞവ.
ആത്മഗതങ്ങളേറെയും
പണ്ടേ പനിപിടിച്ചവ.
കാഴ്ചകളത്രയും
പണ്ടേ കരഞ്ഞവ.

*****************




*****************
വി. ജയദേവ്.

*******************

9 comments:

പാവപ്പെട്ടവൻ said...

മനസ്സ്‌ മുറിഞ്ഞ വേദന കവിതയുടെ ആത്മാവ് പിന്നാലെ കുടുന്നു

അനൂപ് അമ്പലപ്പുഴ said...

ഇങ്ങനെയും എഴുതാം എന്ന് മനസ്സിലായി!

പള്ളിക്കുളം.. said...

അഹോ , ദുർഗ്രഹം..

steephengeorge said...

vayichu

താരകൻ said...

ഓര്‍മ്മകളുടെ ഈടില്‍ കടം പറ്റിയ -
ഈ ദിനങ്ങളൊക്കെയും പണ്ടേ
അരികുകള്‍ കീറി മടങ്ങിവ.
ദിക്കുകള്‍ മുമ്പേ നനഞ്ഞവ.
ആത്മഗതങ്ങളേറെയും
പണ്ടേ പനിപിടിച്ചവ.
കാഴ്ചകളത്രയും
പണ്ടേ കരഞ്ഞവ....great...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

poLLi (karinja) aathma katha!!

Jayesh/ജയേഷ് said...

ഇത്ര കറുപ്പിച്ച് എങ്ങനെ എഴുതുന്നു മാഷേ?

ദിനേശന്‍ വരിക്കോളി said...

സ്വയംകുരുതി നടന്ന രാത്രിയില്‍
കളഞ്ഞുകിട്ടിയതത്രയും കള്ളനാണയത്തുട്ടുകള്‍
മേല്‍വിലാസങ്ങളറ്റ യൗവനത്തിന്‍റെ
പുഴുക്കള്‍ തുളച്ച വില്‍പ്പത്രത്തില്‍
അസംബന്ധവായാടിത്തം.
ശിക്കാറുകഴിഞ്ഞെത്തിയ തണുത്ത
തോക്കിന്‍കുഴലില്‍ കടിച്ചുപിടിച്ച്
ആരുടേയോ അവസാന ശ്വാസം.
ഇരുട്ടു തുഴഞ്ഞെത്തുന്ന ഈ
ഏകാകിയുടെ ചോരയ്ക്കും ചവര്‍പ്പ്.
മഹസറില്‍ മഷി വീണു പടര്‍ന്നത്
എന്‍റെ സൗഹൃദം....
priya kave iniyumudavatte ithram kavithakal..vayanakazhinjum ere nombarappeduthunna ithram jeevithagalekkurichuthanne...

devan nayanar said...

thanks 4 the comments.
jayesh,
when memories sour
it simply becomes so dark
thanx