കൈവിട്ടുപോയൊരു ചാട്ടത്തെപറ്റി ശിവന്റെ കവിതകൾ
വയനാടു ചുരം കയറിചെന്നത് ബിനു എം ദേവസ്യ എന്ന കവികുട്ടനെ കാണാനായിരുന്നു. ഉള്ളൊതുങ്ങി നിന്ന ബിനുവിന്റെ കവിതകൾ ഞാൻ റെക്കോടു ചെയ്തതു കേൾക്കാൻ ആ അനാഥാശ്രമത്തിലെ അന്തോവാസികളൊക്കെ എത്തിയിരുന്നു അവർക്കിടയിൽ വീൽ ചെയറിൽ എത്തിയ ചെറുപ്പക്കാരൻ ശിവൻ എന്നു പരിചയപെടുത്തി. യാതൊരു അപരിചിതത്വവുമില്ലാതെ ഇടപഴകി. പോരുവാൻ നേരം ‘ചേട്ടാ എന്റെ കുറച്ച് കവിതകൾ ഉണ്ട് ഒരിക്കൽ പുഴ മാഗസിനിൽ ഒരെണ്ണം വന്നിട്ടുണ്ടെന്നു പറഞ്ഞു‘. കവിത കേൾക്കാൻ തയ്യാറായ് അതിനൊപ്പം എങ്ങനെ വീൽ ചെയറിലെത്തി എന്നു തിരക്കി. ശിവന് നാലാം ക്ലാസുവരെ മാത്രം പഠിക്കുവാനായുള്ളു ചെറിയപ്രായത്തിലെ തന്നെ കൂലിപണിക്ക് പോയ് തുടങ്ങി . അതിനിടയിൽ കവുങ്ങിൽ കയറ്റം പടിച്ചു. ഒരു കവുങ്ങിൽ നിന്നും മറ്റേ കവുങ്ങിലേക്ക് ആട്ടി ചാടി ചാടി അടയ്ക്ക പറിക്കുന്നതിനിടയിൽ ഒരിക്കൽ ചാട്ടം പിഴച്ചു. വീഴ്ചയിൽ നട്ടെല്ലൊടിഞ്ഞു. വർഷങ്ങളായ് വീൽ ചെയറിലാണ്. കഥ കേട്ടു കഴിഞ്ഞപ്പോൾ കവിത വാങ്ങാനുള്ള മനസില്ലാതായ്. കാരണം എന്റെ ജീവിത അലച്ചിലുകൾക്കിടയിൽ ശിവന്റെ കവിത എവിടെ ഉൾകൊള്ളിക്കാൻ എന്നു കരുതി. അതിൽ നിന്നും ഒഴിവാകാൻ ഞാൻ വിലാസം പറഞ്ഞു കൊടുത്തു. അധികം വൈകാതെ കുറെയധികം കവിതകൾ ഒരു പോസ്റ്റായ് എത്തി. ആ കവിതകൾ ഒരു വർഷത്തോളം എന്റെ സഞ്ചിയിൽ വിശ്രമിച്ചു(ക്രൂരമാണെന്നറിയാം ക്ഷമിക്കരുത്) ഇതിനിടയിൽ ഞാൻ എന്തെങ്കിലും ചെയ്തോ എന്നറിയാൻ ചിലനാളുകളിൽ ശിവൻ വിളിച്ചിരുന്നു. വല്ല്യാൾക്കാർ ഒക്കെ അങ്ങനെയായിരിക്കും എന്നു ശിവൻ സ്വയം സമാധാനിച്ചു മറന്നെങ്കിലും ഇടയിൽ ഒരു മിസ് കോൾ തരും . നിർദാക്ഷിണ്യം അവയൊക്കെയും ഞാൻ അവഗണിച്ചു. മനസ്സക്ഷികുത്ത് അധികമായൊരു വേള ക്ഷമാപണത്തോടെ ഈ കവിതകളെ ഞാൻ ഇന്ദ്രപ്രസ്ഥം കവിതയുടെ വായനക്കാർക്ക് കൈമാറുകയാണ് ഇത് പ്രഗത്ഭനായ കവിയുടെതല്ല പകരം ഒരുമരത്തിൽ നിന്നും മറുമരത്തിലേക്ക് പറക്കവെ കൈവിട്ടു താഴെ പോയൊരു ജീവിതത്തിന്റെ നേർ രേഖമാത്രം
കവിതയ്ക്ക് ആശംസകൾ അറിയിക്കുവാൻ ആഗ്രഹിക്കുന്നുവർ ദയവു ചെയ്ത് ശിവന്റെ ഈ മൊബൈൽ നമ്പരിൽ വിളിക്കണം 09744855023
ഞാൻ കാണുമ്പോൾ വയനാട്ടിലെ ആശ്രമത്തിലായിരുന്നു. ഇപ്പോൾ കണ്ണൂർ ജില്ലയിലെവിടെയോ സമാനമായൊരു പ്രസ്ഥാനത്തിൽ ഉണ്ട്. ജീവിതത്തിൽ വല്ലാതെ ഒറ്റപെട്ടിരിക്കുന്നു.ഒന്നും പറയില്ലെങ്കിലും ശിവന്റെ മനസ്സിൽ പണിയെടുക്കാനാവാത്തതിന്റെ സങ്കടങ്ങളുണ്ട്. താനെവിടെ എത്തിപെട്ടു എന്നതിന്റെ വിങ്ങലുകളുമുണ്ട്. നമ്മൾ അവനു കൂട്ടുണ്ടാവണം
സംവിദാനന്ദ്.

ഞാൻ

മായയാകും ലോകത്തിൽ
മനുജനായ് പിറന്നു
ഇല്ലായ്മയിൽ വളർന്നു
അരവയർ മാറ്റി
നിറവയറേകുവാൻ
സങ്കടം മാറ്റുവാൻ
സായൂജ്യം നിറയുവാൻ
കൊട്ടാരമില്ലേലും
കൂടാരം കെട്ടുവാൻ
കുഞ്ഞിലേ വളർന്നു
എന്നിലും മോഹം

അറിവിന്റെ വരികൾ
കുറിക്കേണ്ട നാളിൽ
മണ്ണിനെ സ്നേഹിച്ചു
തൂമ്പകൈയേന്തി
കാഠിന്യവേലകൾ ചെയ്തയാനാളിൽ
കണ്ടുഞാൻ ഭാവിയെകൊണ്ടൊരു സ്വപ്നം
ഇളം വെയിൽ ഉള്ളോരു നാളിൽ
മരമതാം ഒന്നിലേറി
മനസ്സിന്റെ താളമോ
ജാതകപ്പിഴയോ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ


ഏകൻ

ആരും ഏകനല്ല
ആരുമില്ലാതാകുമ്പോൾ
ഏകനാകുന്നു
ഏകനായവന്റെ വേദന
ഏകനായവനു മാത്രം
ഏകനായവന്റെ സന്തോഷം
ഏകനായവനു മാത്രം

സ്നേഹിക്കാൻ അനേകർ
സന്തോഷത്തിൽ മാത്രം
സങ്കടത്തിൽ തുണയേകാൻ
പ്രാണനാഥൻ മാത്രം

ഉപമ

നിന്നെ ഞാൻ എന്തിനോടുപമിക്കും
ഉദയോത്തോടുപമിച്ചാൽ
അതിനുമുണ്ടൊരസ്തമയം
പൂവിനോടുപമിച്ചാൽ അതുവാടുമല്ലോ
വാടമലരിനോടുപമിച്ചാൽ
വാടാത്തതെന്തുണ്ട്?

കടലിനോടുപമിച്ചാൽ
സംഹാര താണ്ഡവമാടും
കാറ്റിനോടുപമിച്ചാൽ
നിഷ്കളങ്ക ഭാവമേമാറിടും
ഈശ്വര നിശ്ചയമെന്നുണ്ടുപമിക്കാൻ
ഒരിക്കലും വിരിയാത്ത മലരിനോടുപമിക്കാം
വാടാതെ നിൽക്കുമല്ലോ മനസ്സിൽ

ഓർമ്മ

നിശ്ചല ജീവിതം നിശബ്ദതയിൽ
നിശ്വാസത്തിലും നിന്നോർമ്മ
വെളിച്ചം മങ്ങുന്നു
ഇരുൾ പരക്കുന്നു
ഒരിക്കലുമോർമ്മിക്കില്ലെന്നുറച്ച്
ഹൃദയത്തിലാണ്ടു പോയ് നിൻ മുഖം
അറിയാതെ പരതുന്നു ഓർമ്മയിലെന്നും
മായുമോ
മായ്ക്കാൻ പറ്റുമോ?
ആവുമോ പ്രിയേ നിന്നെ മാറ്റാൻ
ആവില്ലെന്നറിഞ്ഞിടുന്നു
അത്രമേൽ സ്നേഹിച്ചു അന്നാളിൽ

പിരിയുന്ന വേളയിൽ ഒരു കൊച്ചു നൊമ്പരം
പിരിയാത്തയോർമ്മയിൽ പിടയുന്നുമിന്നും
ഇനിയുള്ള കാലത്തിൽ കാണുവാൻ കഴിയുമോ
കഴിയില്ല എങ്കിലും തിരയും കിനാവിൽ
ഓർമ്മകൾ മറക്കാൻ കാത്തിടുന്നെങ്കിലും
പൂവുപോൽ വിരിയുന്നു നിന്മുഖം
കാത്തിരുന്നു കാലങ്ങൾ പോയ് മറഞ്ഞു
എരിഞ്ഞുതീർന്നിടും
നീയാകുമോർമ്മതന്നഗ്നിയിൽ

4 comments:

മാണിക്യം said...

"ആരും ഏകനല്ല
ആരുമില്ലാതാകുമ്പോൾ ഏകനാകുന്നു
ഏകനായവന്റെ വേദന ഏകനായവനു മാത്രം
ഏകനായവന്റെ സന്തോഷം ഏകനായവനു മാത്രം!.."

ആരോടും പറഞ്ഞറിയിക്കാനാവില്ല ഏകാന്തത
എങ്കിലും ചുരുങ്ങിയ വാക്കുകളില്‍ ഇവിടെ അതു വരച്ചിട്ടു..
ഒരു തരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും
" ഒരുമരത്തിൽ നിന്നും മറുമരത്തിലേക്ക് പറക്കുന്നവര്‍ "
നന്ദി സംവിദാനന്ദ് ..
ശിവ നന്മകള്‍ നേരുന്നു!

Unknown said...

Sivanu nanmakal netrunnu...

Unknown said...

Sivanu nanmakal netrunnu...

Kalavallabhan said...

നല്ല നല്ല കവിതകൾ
കവിയുടെ ചിത്രം കൂടി ഇടാമായിരുന്നു.